വാഷിംഗ്ടണ്‍: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാര്‍ ഉടന്‍ അന്തിമമാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്. ഈ ആഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യ-യുഎസ് ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് യുഎസ് വാണിജ്യ സെക്രട്ടറിയുടെ പ്രതികരണം.
‘വളരെ വിദൂരമല്ലാത്ത ഭാവിയില്‍ അമേരിക്കയും ഇന്ത്യയും തമ്മില്‍ ഒരു കരാര്‍ പ്രതീക്ഷിക്കണം,’ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്ന യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തില്‍ (യുഎസ്‌ഐഎസ്പിഎഫ് ) ലുട്നിക് പറഞ്ഞു.
യുഎസ്-ഇന്ത്യ-ജപ്പാന്‍ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കിയതിന് ഐബിഎം ചെയര്‍മാന്‍ അരവിന്ദ് കൃഷ്ണ, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള, ഹിറ്റാച്ചി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ തോഷിയാക്കി ഹിഗാഷിഹാര എന്നിവര്‍ക്ക് യുഎസ്‌ഐഎസ്പിഎഫ് 2025 ലെ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡുകള്‍ സമ്മാനിച്ചു. യുഎസ്‌ഐഎസ്പിഎഫ് ഉച്ചകോടിയില്‍ ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങളുടെ ക്വാഡ് ഗ്രൂപ്പില്‍ നിന്നുള്ള വ്യാപാര പ്രമുഖരെ ആദരിക്കുന്നത് ഇതാദ്യമായാണ്.



