വാഷിങ്ടൻ :യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവയും പകരച്ചുങ്കവും റദ്ദാക്കി യുഎസ് സുപ്രീംകോടതി. ട്രംപിന്റെ നടപടി നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നിർണായക നടപടി. ട്രംപിന് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ് വിധി. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള 1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) ഉപയോഗിച്ചാണ് ട്രംപ് തീരുവകൾ അടിച്ചേൽപ്പിച്ചതെന്നും ഇത് അധികാര പരിധിയുടെ ലംഘനമാണെന്നും സുപ്രീംകോടതി വിധിയിൽ പറഞ്ഞു.
ഐഇഇപിഎ ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികൾ അടിച്ചേൽപ്പിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും കോടതി പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. താരിഫ് ചുമത്താനുള്ള അധികാരം യുഎസ് ഭരണഘടന കോൺഗ്രസിനാണ് നൽകിയിട്ടുള്ളതെന്നും ഇക്കാര്യത്തിൽ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ട്രംപിന്റെ നടപടിക്കെതിരെ നികുതി വർധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്. എന്നാൽ പ്രസിഡന്റിന്റെ അമിതാധികാര പ്രയോഗത്തിനേറ്റ തിരിച്ചടിയാണ് സുപ്രീം കോടതി വിധി.



