തെഹ്റാൻ: ഇറാനിൽ വൻ പ്രഹര ശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ച് യു.എസ്. ഇറാനിലെ ഇസ്ഫഹാനിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. 2000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബാണ് വർഷിച്ചതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.വൻ സ്ഫോടനത്തിന്റെ വീഡിയോ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
ബദർ സൈനിക വ്യോമതാവളം സ്ഥിതിചെയ്യുന്ന ഇറാനിയൻ നഗരമായ ഇസ്ഫഹാനിലെ പ്രധാന വെടിമരുന്ന് ഡിപ്പോയിൽ യു.എസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ ദൃശ്യമാണിതെന്നും മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ശക്തായ ആക്രമണം നടന്ന ഇസ്ഫഹാൻ 2.3 ദശ ലക്ഷം ആളുകള് താമസിക്കുന്ന പ്രദേശമാണ്. “ആക്രമണത്തിനായി വലിയ അളവിൽ ബങ്കർ ബസ്റ്ററുകൾ അഥവാ പെനിട്രേറ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചു,” യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റി ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവ നിലയങ്ങളെ ലക്ഷ്യമിട്ടാണ് യു.എസ് ഇത്തരത്തിലുള്ള മാരക ആക്രമണങ്ങൾ നടത്തുന്നത്.
ആക്രമണത്തെ തുടർന്ന് ശക്തമായ ഒരു സ്ഫോടന പരമ്പര തന്നെ ഉണ്ടായതായും ഇത് പ്രദേശമാകെ വലിയ തോതിലുള്ള തീഗോളങ്ങളും ആഘാത തരംഗങ്ങളും സൃഷ്ടിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.ഏകദേശം 540 കിലോഗ്രാം ഭാരമുള്ള യുറേനിയം ശേഖരം ഇറാൻ ഇസ്ഫഹാനിലെ ഒരു ഭൂഗർഭ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കാമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്ന പേരിൽ യുഎസ് നടത്തിയ ആക്രമണത്തിലും ഈ നഗരം ലക്ഷ്യമിട്ടിരുന്നു.
വെടിനിർത്തൽ കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ കരയാക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.നയതന്ത്രത്തിനായിരിക്കും യു.എസിന്റെ മുൻഗണനയെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ അൽ ജസീറക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. ഇതിനിടെ, ട്രംപിന്റെ ഭീഷണിക്കു പിന്നാലെ യു.എസും ഇസ്രായേലും ഇറാനിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തെഹ്റാനിലും ഇസ്ഫഹാനിലും തബ്രീസിലും കനത്ത വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണവും തുടരുകയാണ്.



