പി.പി ചെറിയാൻ
വാഷിംഗ്ടൺ ഡി സി :ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ യുഎസ് കരസേനാ മേധാവി ജനറൽ റാണ്ടി ജോർജിനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥാനത്തുനിന്നും നീക്കി. ജോർജിനോട് ഉടൻ വിരമിക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ജനറൽ റാണ്ടി ജോർജിന് പുറമെ ജനറൽ ഡേവിഡ് ഹോഡ്നെ, മേജർ ജനറൽ വില്യം ഗ്രീൻ ജൂനിയർ എന്നിവരെയും ചുമതലകളിൽ നിന്ന് നീക്കിയിട്ടുണ്ട്.
ഹെഗ്സെത്തിന്റെ മുൻ സഹായിയായിരുന്ന ജനറൽ ക്രിസ്റ്റഫർ ലാനീവ് താൽക്കാലിക കരസേനാ മേധാവിയാകും.
2023-ൽ ബൈഡൻ ഭരണകൂടമാണ് റാണ്ടി ജോർജിനെ നിയമിച്ചത്. സാധാരണ നാല് വർഷത്തെ കാലാവധിയുള്ള പദവിയിൽ നിന്നാണ് ഇപ്പോൾ അപ്രതീക്ഷിതമായി അദ്ദേഹത്തെ നീക്കം ചെയ്തിരിക്കുന്നത്.
ട്രംപ് ഭരണകൂടത്തിന് കീഴിൽ പ്രതിരോധ സെക്രട്ടറി ഹെഗ്സെത്ത് നടത്തുന്ന സൈനിക അഴിച്ചുപണിയുടെ ഭാഗമായാണ് ഈ നടപടി. നേരത്തെ സതേൺ കമാൻഡ് മേധാവി അഡ്മിറൽ ആൽവിൻ ഹോൾസിയെയും ഇത്തരത്തിൽ മാറ്റിയിരുന്നു.
ഇറാൻ യുദ്ധം നിർണ്ണായക ഘട്ടത്തിൽ നിൽക്കെ സേനാ തലപ്പത്തുണ്ടായ ഈ മാറ്റം അമേരിക്കൻ സൈനിക വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.



