തെഹ്റാൻ: ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ. കഴിഞ്ഞദിവസം രാത്രി നടന്ന ആക്രമണത്തിൽ അലി ലാരിജാനി കൊല്ലപ്പെട്ടെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി കാട്സിന്റെ അവകാശവാദം. ബസീജ് ഫോഴ്സ് കമാൻഡർ ഗുലാം റേസ സുലൈമാനിയും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയായിരുന്നു ലാരിജാനി.
എന്നാൽ, ഇറാന് അധികൃതരുടെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വിശ്വസ്തനായിരുന്നു. ഇറാൻ പ്രതിരോധ സംവിധാനങ്ങളുടെ ബുദ്ധികേന്ദ്രവുമാണ് ലാരിജാനി. യു.എസ് ആക്രമണത്തിൽ പരമോന്നത നേതാവും മറ്റ് മതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടും രാജ്യത്തെ ശക്തമായി മുന്നോട്ടു നയിക്കുന്നതിൽ അലി ലാരിജാനി വലിയ പങ്ക് വഹിച്ചിരുന്നു.
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായിരിക്കെ, ഇസ്രായേൽ-യു.എസ് സഖ്യത്തിനെതിരെ ഇറാനിൽ നിന്നും ഉയരുന്ന ഏറ്റവും ശക്തമായ ശബ്ദമായിരുന്നു അലി ലാരിജാനിയിടേത്. സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറി എന്ന നിലയിൽ, ഇറാനിലെ പ്രതിരോധ-സുരക്ഷാ നയങ്ങളുടെ മുഖ്യ ശില്പിയാണ് അദ്ദേഹം.



