വാഷിങ്ടൺ: എപ്സ്റ്റീൻ ഫയലുകൾ യു.എസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ടതിൽ വീണ്ടും ട്വിസ്റ്റ്. ഇന്നലെ പുറത്തുവന്ന ഫയലുകൾ പലതും ഇന്ന് അപ്രത്യക്ഷമായി. 16 ചിത്രങ്ങളാണ് ഇന്ന് കാണാതായത്. ഇതിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രങ്ങളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.
ഒരു സ്ത്രീയുടെ നഗ്നചിത്രം, എപ്സ്റ്റീനും മെലാനിയും ട്രംപും ഗിസ്ലെയ്ൻ മാക്സ്വെല്ലും ഡോണൾഡ് ട്രംപുനൊപ്പം നിൽക്കുന്ന ചിത്രവും അപ്രത്യക്ഷമായവയിൽ ഉൾപ്പെടുന്നു. എന്നാൽ, ചിത്രങ്ങൾ അപ്രത്യക്ഷമായതിൽ യു.എസ് നീതിന്യായ വകുപ്പ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മനപ്പൂർവം ഒഴിവാക്കിയതാണോ അതോ അബദ്ധത്തിൽ പോയതാണോ എന്ന് നീതിന്യായ വകുപ്പ് അറിയിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ നീതിന്യായ വകുപ്പ് വക്താവ് തയാറായിട്ടില്ല.
അതേസമയം, ട്രംപിന്റെ ചിത്രം ഒഴിവാക്കിയതിൽ പ്രതികരണവുമായി ഡെമോക്രാറ്റുകൾ രംഗത്തെത്തി. ട്രംപിനെ രക്ഷിക്കാൻ വേണ്ടിയാണ് ചിത്രങ്ങൾ ഒഴിവാക്കിയതെന്നും ഇക്കാര്യത്തിൽ സുതാര്യത വേണമെന്നും ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിനും പീഡനത്തിനും ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.



