വാഷിംഗ്ടണ്‍: മെക്‌സിക്കോയും കാനഡയുമായുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ 2026 ലോകകപ്പിന് ഒരു ഉത്തേജനമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു. ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം എത്തിയത്. ലോക ഫുട്ബോള്‍ ഭരണസമിതിയായ ഫിഫയുടെ തലവനായ ഗിയാനി ഇന്‍ഫാന്റിനോയ്ക്കൊപ്പം ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
യുഎസ്എ ആതിഥേയരാകുന്ന 2026 ഫിഫ ലോകകപ്പില്‍ സഹ-ആതിഥേയരായ രാജ്യങ്ങളുമായി തന്റെ ഭരണകൂടം തുടരുന്ന തര്‍ക്കം ടൂര്‍ണമെന്റിനെ ബാധിക്കുമെന്ന വാദങ്ങള്‍ ട്രംപ് തള്ളിക്കളഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ‘ഓ, അത് കൂടുതല്‍ ആവേശകരമാക്കുമെന്ന് ഞാന്‍ കരുതുന്നു,’ എന്ന് ട്രംപ് മറുപടി നല്‍കി.
അതേസമയം, 2026 ലോകകപ്പും, ഈ വര്‍ഷം അമേരിക്കയില്‍ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പും 200,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും 40 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക മാറ്റം സൃഷ്ടിക്കുമെന്നും ഇന്‍ഫാന്റിനോ പറഞ്ഞു.



