ഗസ്സ സിറ്റി: ഗസ്സയിൽ ക്രിസ്മസ് ആഘോഷത്തിനിടെ ഇസ്രായേൽ പൊലീസിന്‍റെ അതിക്രമം. ഹൈഫയിൽ നടന്ന ക്രിസ്മസ് പാർട്ടിയിലേക്ക് ഇസ്രായേൽ പൊലീസ് എത്തി സാന്താക്ലോസിന്റെ വേഷം ധരിച്ച ഫലസ്തീനിയെ അറസ്റ്റ് ചെയ്തു. ആഘോഷം നടന്ന സ്ഥലം അടച്ചുപൂട്ടുകയും ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്തു.
ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇസ്രായേൽ പൊലീസ് പുരുഷന്മാരെ നിലത്തേക്ക് തള്ളിയിടുന്നതും ആളുകൾ നോക്കിനിൽക്കെ കൈ വിലങ്ങിടുന്നതും കാണാം.
സാന്താക്ലോസ് വേഷം ധരിച്ച ആൾ അറസ്റ്റ് ചെറുത്ത് ഒരു ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന് ഇസ്രായേലി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
പൊലീസ് അമിത ബലപ്രയോഗം നടത്തിയെന്നും സംഗീത ഹാളിൽ നടത്തിയ റെയ്ഡ് നിയമപരമായ അധികാരമില്ലാതെയാണെന്നും ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാർക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ മൊസാവ സെന്റർ അറിയിച്ചു.
വെസ്റ്റ് ബാങ്കിലും ഗസ്സയിലും ക്രിസ്മസിനിടയിലും ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് ഈ അറസ്റ്റും ഉണ്ടായിരിക്കുന്നത്. ക്രിസ്മസ് നാളിലും ഗസ്സയുടെ കിഴക്കൻ ഭാഗത്ത് ഇസ്രായേലി ബോംബാക്രമണത്തിന്റെയും ഡ്രോണുകളുടെയും ശബ്ദം ക്രിസ്മസ് രാത്രി മുഴുവനും ഇന്ന് പുലർച്ചെയും മുഴങ്ങിക്കേട്ടതായാണ് റിപ്പോർട്ട്. ഗസ്സയിലുടനീളമുള്ള അവശേഷിക്കുന്ന പള്ളികളിൽ ചെറിയ ഒത്തുചേരലുകളും പ്രാർത്ഥനകളും മാത്രമാണ് നടന്നത്.



