വാഷിംഗ്ടൺ: ടെസ്‍ലയുടെ ഇന്ത്യയിലേക്കുള്ള വരവിൽ അതൃപ്തി പ്രകടിപ്പിച്ച് ഡോണൾഡ് ട്രംപ്. ടെസ്‌ല ഇന്ത്യയിൽ ജീവനക്കാരെ നിയമിക്കാൻ തുടങ്ങിയതിന് ശേഷമാണ് ട്രംപ് രംഗത്തെത്തിയത്. ഒരു രാജ്യത്തിന്റെ താരിഫുകൾ മറികടക്കാൻ ഇന്ത്യയിൽ ഒരു ഫാക്ടറി നിർമ്മിക്കാനുള്ള ടെസ്‍ലയുടെ നീക്കത്തെ അന്യായമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഫോക്സ് ന്യൂസിലെ ഷോൺ ഹാനിറ്റിക്ക് വേണ്ടി ടെസ്‌ല സിഇഒ എലോൺ മസ്‌കുമായി നടത്തിയ സംയുക്ത അഭിമുഖത്തിനിടെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ കാറുകൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ ഉയർന്ന തീരുവയെക്കുറിച്ച് താൻ സംസാരിച്ചതായി പ്രസിഡന്റ് ട്രംപ് ഓർമ്മിപ്പിച്ചു. താരിഫ് സംബന്ധിച്ച തർക്കം പരിഹരിക്കാനും എത്രയും വേഗം ഒരു വ്യാപാര കരാറിനായി പ്രവർത്തിക്കാനും ഇരുരാജ്യങ്ങളും തീരുമാനമായിട്ടുണ്ട്.
ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ടാറ്റ മോട്ടോഴ്‌സ് പോലുള്ള പ്രാദേശിക വാഹന നിർമ്മാതാക്കളെ സംരക്ഷിക്കുന്നതിനായി ഇന്ത്യ ഇലക്ട്രിക് വാഹനങ്ങൾക്ക് ഏകദേശം 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിനെ വിമർശിച്ചിരുന്ന ടെസ്‌ല സിഇഒ എലോൺ മസ്‌കിനെ യുഎസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി കണ്ടിരുന്നു. ഇലോൺ മസ്‌കിന് ഇന്ത്യയിൽ ഒരു കാർ വിൽക്കുക എന്നത് അസാധ്യമാണെന്ന് ട്രംപ് പറഞ്ഞു. ലോകത്തിലെ എല്ലാ രാജ്യങ്ങളും നമ്മളെ മുതലെടുക്കുന്നു. അവർ താരിഫുകൾ ഉപയോഗിച്ച് ചൂഷണം ചെയ്യുകയാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ, മാർച്ചിൽ ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ പുതിയ ഇലക്ട്രിക് വാഹന നയ പ്രകാരം കാർ നിർമ്മാതാവ് കുറഞ്ഞത് 500 മില്യൺ ഡോളർ നിക്ഷേപിച്ച് ഒരു ഫാക്ടറി സ്ഥാപിക്കുകയാണെങ്കിൽ ഇറക്കുമതി നികുതി 15 ശതമാനമായി കുറയ്ക്കുമെന്ന് അറിയിച്ചു.
പിന്നീടാണ് ഫാക്ടറി സ്ഥാപിക്കാൻ മസ്ക് തീരുമാനിച്ചത്. ടെസ്‌ല ഈ വർഷം ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ. ദില്ലി, മുംബൈ നഗരങ്ങളിലെ രണ്ട് ഷോറൂമുകൾക്കായി ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ സ്ഥലങ്ങൾ തെരഞ്ഞെടുത്തതായും ഇന്ത്യയിലെ 13 മിഡ് ലെവൽ തസ്തികകളിലേക്കുള്ള ജോലി പരസ്യങ്ങൾ പോസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.