നൂക് (ഗ്രീൻലൻഡ്): യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ തുടർന്ന് ഗ്രീൻലൻഡിന് സുരക്ഷയൊരുക്കാൻ യൂറോപ്യൻ സൈന്യമെത്തി. ഫ്രാൻസ്, ജർമനി, നോർവേ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സൈനികരാണ് സംഘത്തിലുള്ളത്.
യൂറോപ്യൻ രാജ്യമായ ഡെന്മാർക്കിന്റെ കീഴിലുള്ള സ്വയംഭരണപ്രദേശമാണ് വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമായ ഗ്രീൻലൻഡ്. എന്നാൽ, ഗ്രീൻലൻഡ് പിടിച്ചടക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. യു.എസ്-ഡെന്മാർക് അധികൃതർ ചർച്ച നടത്തിയിരുന്നുവെങ്കിലും ഫലവത്തായിട്ടില്ല.
ഇതിനുപിന്നാലെയാണ് നാറ്റോ സഖ്യകക്ഷികളായ യൂറോപ്യൻ രാജ്യങ്ങൾ ഗ്രീൻലൻഡിന് സൈനികസഹായമെത്തിക്കുന്നത്. ഡെന്മാർക്കും ഗ്രീൻലൻഡിലെ സൈനികസാന്നിധ്യം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.



