ഹൈദരാബാദ് : തെലങ്കാനയിലെ യുഎസ് കോൺസുലേറ്റ് ജനറൽ സ്ഥിതി ചെയ്യുന്ന റോഡിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരു നൽകാൻ ഒരുങ്ങി സർക്കാർ. ഹൈദരാബാദിലെ യുഎസ് സ്റ്റേറ്റ് കോൺസുലേറ്റ് ജനറലിനു സമീപമുള്ള റോഡിനാണ് ‘ഡോണൾഡ് ട്രംപ് അവന്യൂ’ എന്ന് നാമകരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.
തീരുമാനം അറിയിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും യുഎസ് എംബസിക്കും കത്തെഴുതും. ഈ വർഷം ഡൽഹിയിൽ നടന്ന വാർഷിക യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർടണർഷിപ്പ് ഫോറം (യുഎസ്ഐഎസ്പിഎഫ്) കോൺക്ലേവിനെ അഭിസംബോധന ചെയ്യുന്നതിനിടെ, ഹൈദരാബാദിലെ പ്രധാനപ്പെട്ട റോഡുകൾക്ക് പ്രമുഖ ആഗോള കോർപ്പറേഷനുകളുടെ പേരിടണമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദ്ദേശിച്ചിരുന്നു.
നവീകരണത്തിൽ അധിഷ്ഠിതമായ ഇന്ത്യയുടെ പ്രതീകമായി തെലങ്കാനയെ സ്ഥാപിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് നിർദേശം. കൂടാതെ വിശിഷ്ട വ്യക്തികളെയും കോർപറേഷനുകളെയും ആദരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ റോഡുകൾ സമർപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.



