തെൽഅവീവ്: തുടർച്ചയായ രണ്ടാംവർഷവും ഗ്ലോബൽ ബ്രാൻഡിങ് ഇൻഡക്സിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇസ്രായേൽ. ഗസ്സ വംശഹത്യ കാരണം ഇസ്രായേൽ ഭരണകൂടത്തോട് മാത്രമല്ല, അവിടത്തെ ജനങ്ങളോടും ആഗോളതലത്തിൽ എതിർപ്പ് വർധിച്ചുവരികയാണ്. ബ്രാൻഡിങ് ഇൻഡക്സ് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് തുടർച്ചയായ രണ്ടാംവർഷവും ഇസ്രായേൽ ആഗോള ബ്രാൻഡിങ് സൂചികയും അവസാന സ്ഥാനത്താണ്. രണ്ട് പതിറ്റാണ്ടിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും വലിയ ഇടിവാണിത്.
ആഗോള തലത്തില്‍ ഇസ്രായേലിനോടുള്ള വിശ്വാസം കുറയുക, വിദേശ നിക്ഷേപം കുറയുക, ടൂറിസത്തില്‍ ഇടിവ് സംഭവിക്കുക, അന്താരാഷ്ട്ര സമൂഹത്തിനിടയിലെ മതിപ്പ് കുറയുക തുടങ്ങിയ സാമ്പത്തിക തിരിച്ചടികളുണ്ടാകാനുള്ള സാധ്യതകളെ കുറിച്ചും സര്‍വേ മുന്നറിയിപ്പ് നല്കുന്നു.
2025 ആഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ നടത്തിയ സർവേയിൽ ഇസ്രായേലിന്റെ മൊത്തത്തിലുള്ള സ്കോർ മുൻ വർഷത്തെ അപേക്ഷിച്ച് 6.1 ശതമാനം കുറഞ്ഞതായും കാണിക്കുന്നുണ്ട്. ഇസ്രായേൽ പൗരൻമാരെ വ്യക്തിത്വമില്ലാത്തവരായി കണക്കാക്കുന്നതും വർധിച്ചതായും ഇസ്രായേൽ പത്രമായ യെദിയോത്ത് അഹ്റോനത്ത് റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേലുമായി ബന്ധപ്പെട്ട സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിൽ ഉപയോക്താക്കൾക്കുള്ള വിമുഖത വർധിച്ചുവരുന്നുണ്ട്. മേയ്ഡ് ഇൻ ഇസ്രായേൽ എന്ന ലേബലുള്ള ഉൽപ്പന്നങ്ങളെയാണ് ഇത് നന്നായി ബാധിച്ചിട്ടുള്ളത്.
2023 ഒക്ടോബറിൽ ഗസ്സയിൽ ആക്രമണം തുടങ്ങിയതുമുതൽ ഇസ്രായേലിന്റെ ആഗോള റാങ്കിങ് കുത്തനെ ഇടിഞ്ഞു.



