മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി സ്പോർട്സ് പ്രേമികളെ ഒത്തൊരുമിപ്പിച്ച് പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് അതിന്റെ 2025-ലെ വാർഷിക കുടുംബ സംഗമം പ്രൗഢഗംഭീരമായി കഴിഞ്ഞ ദിവസം ന്യൂ ഹൈഡ് പാർക്കിൽ നടത്തി. ന്യൂ ഹൈഡ് പാർക്കിലുള്ള എൽക് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ച് ക്ലബ്ബ് കുടുംബാംഗങ്ങളുടെയും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളുടെയും സാന്നിദ്ധ്യത്തിൽ നടന്ന വാർഷിക യോഗത്തിൽ ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും സൗഹൃദം പങ്കു വച്ചും കലാപരിപാടികൾ അവതരിപ്പിച്ചും അവിസ്മരണീയ നിമിഷങ്ങളാണ് കാഴ്ച്ച വച്ചത്.

യുവ തലമുറയെ കായിക മേഖലയിൽ വാർത്തെടുക്കുന്നതിനും അവർക്ക് വേണ്ടതായ തീവ്ര പരിശീലനം നൽകി മികച്ച സ്പോർട്സ് താരങ്ങളാക്കി വളർത്തുന്നതിനും അക്ഷീണം പ്രവൃത്തിക്കുന്ന നേതൃത്വത്തിൻറെ കൈകളിലാണ് ഈ സ്പോർട്സ് ക്ലബ്ബ് എന്നതാണ് അതിന്റെ വിജയ രഹസ്യം. കഴിഞ്ഞ അഞ്ചു വർഷം തുടർച്ചയായി പ്രസിഡൻറ് പദവി അലങ്കരിക്കുന്ന സജി തോമസിൻറെ നേതൃത്വം ക്ലബ്ബിൻറെ സർവ്വതോന്മുഖ വളർച്ചക്ക് വലിയ സംഭാവനയാണ് നൽകിയിരിക്കുന്നത്. ലോങ്ങ് ഐലൻഡിലെ അറിയപ്പെടുന്ന ഒരു മോർട്ട്ഗേജ് ലോൺ ഓഫീസർ കൂടിയായ സജി തോമസ് നല്ലൊരു സോക്കർ കളിക്കാരനാണ്. ഫുട്ബോൾ കളിയോടുള്ള അമിതമായ താൽപ്പര്യമാണ് ഈ സ്പോർട്സ് ക്ലബ്ബിനെ നയിക്കുവാൻ സജിയെ പ്രേരിപ്പിക്കുന്നത്.

യുവതലമുറയുടെ ഭാവി മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന രീതിയിൽ സമൂഹ നന്മക്കായി നടത്തുന്ന മലയാളീ സ്പോർട്സ് ക്ലബ്ബിൻറെ നിസ്വാർത്ഥ സേവനത്തെ പരിഗണിച്ച് 2024-ൽ ലോങ്ങ് ഐലൻഡിലെ ECHO എന്ന പ്രശസ്ത ചാരിറ്റി സംഘടന അവരുടെ ഹ്യൂമാനിറ്റേറിയൻ അവാർഡ് നൽകി ക്ലബ്ബിനെ ആദരിച്ചിരുന്നു. 2,500 ഡോളർ ക്യാഷ് അവാർഡും പ്രശംസാ ഫലകവുമാണ് ഹ്യുമാനിറ്റേറിയൻ അവാർഡായി ലഭിച്ചത്. പ്രസ്തുത അവാർഡ് തുക സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും വിവിധ കായിക മേഖലകളായ സോക്കർ, ബാസ്കറ്റ്ബോൾ, വോളീബോൾ, ബാഡ്‌മിന്റൺ, ക്രിക്കറ്റ് തുടങ്ങിയവയിൽ പരിശീലനം നൽകുന്ന പദ്ധതികളിലേക്കാണ് ചിലവഴിച്ചത്. സ്പോർട്സ് രംഗങ്ങളിൽ ആവശ്യമായ ഗ്രൗണ്ടുകളും കോർട്ടുകളും ജിമ്മുകളും ലഭിക്കുന്നതിനും അവിടെ സമയബന്ധിതമായി കുട്ടികൾക്ക് പരിശീലനം നൽകുന്നതിനും ഭാരിച്ച ചിലവാണ് ക്ലബ്ബിനുണ്ടാകുന്നത്. സ്പോർട്സിൽ ഉൾപ്പെടുന്ന കുട്ടികളുടെ മാതാപിതാക്കളും ക്ലബ്ബ് ഭാരവാഹികളും സ്വന്തം നിലകളിൽ ഫണ്ട് നൽകിയിട്ടും അത് അപര്യാപ്തമായതിനാൽ വിവിധ ടൂർണമെന്റുകൾ സംഘടിപ്പിച്ചതും സ്പോർട്സ് പ്രേമികളായ സ്പോൺസർമാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ചുമാണ് പ്രസ്തുത ക്ലബ്ബ് മുൻപോട്ട് നീങ്ങുന്നത്.

ക്ലബ്ബിൻറെ നല്ല രീതിയിലുള്ള പ്രവർത്തനം മനസ്സിലാക്കി അവരെ പ്രോത്സാഹിപ്പിക്കുവാനായി എല്ലാ വർഷവും ആയിരം ഡോളർ വീതം ECHO സംഭാവന നൽകാമെന്ന് കുടുംബ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ച ECHO പ്രോഗ്രാം ഡയറക്ടർ സാബു ലൂക്കോസ് വാഗ്ദാനം നൽകി. ബാഡ്‌മിന്റൺ, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ്, സോക്കർ, വോളീബോൾ എന്നീ സ്പോർട്സ് രംഗങ്ങളിൽ തിളക്കമാർന്ന പ്രകടനങ്ങൾ കാഴ്ച്ച വയ്ക്കുന്ന പ്രഗത്ഭരായ കളിക്കാരുള്ള ടീമുകൾ ഈ സ്പോർട്സ് ക്ലബ്ബിൻറെ അഭിമാനമാണ്. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് തുടർച്ചയായി സമ്മാനങ്ങൾ ഈ ടീമുകൾ കരസ്ഥമാക്കാറുണ്ട്.
സ്പോർട്സിനോടൊപ്പം കലാപരിപാടികളിലും കഴിവ് തെളിയിക്കുന്ന കുടുംബാംഗങ്ങളാണ് ഈ സ്പോർട്സ് ക്ലബ്ബിനുള്ളത്. വാർഷിക കുടുംബ സംഗമത്തിൽ മനോഹരമായ വിവിധ കലാപരിപാടികളാണ് കുടുംബാംഗങ്ങൾ അവതരിപ്പിച്ചത്. പ്രസിഡൻറ് സജി തോമസിൻറെ അദ്ധ്യക്ഷതയിൽ കൂടിയ ഔദ്യോഗിക യോഗത്തിൽ ട്രഷറർ ബിജു മാത്യു ഏവരെയും കുടുംബ സംഗമത്തിലേക്ക് സ്വാഗതം ചെയ്തു. എല്ലാ സ്പോർട്സ് വിഭാഗത്തിലുമുള്ള കോർഡിനേറ്റർമാരുടെ നിസ്വാർത്ഥ സേവനം പ്രശംസിച്ചും എല്ലാ കമ്മറ്റി അംഗങ്ങളുടെ പിന്തുണയെ പ്രകീർത്തിച്ചും പ്രസിഡൻറ് സജി അദ്ധ്യക്ഷ പ്രസംഗം നടത്തി. മുൻ ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് മുഖ്യാതിഥിയായിരുന്നു. വാർഷിക കുടുംബ സംഗമത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിൻറെ പ്രകാശനവും ചടങ്ങിൽ നടന്നു.

പ്രസിഡൻറ് സജിയോടൊപ്പം, വൈസ് പ്രസിഡൻറ് ഫിനാൻസ് ചാക്കോ ഈപ്പൻ, വൈസ് പ്രസിഡൻറ് സീനിയർ രാജു പറമ്പിൽ, വൈസ് പ്രസിഡൻറ് യൂത്ത് സന്തോഷ് കെ. ഫിലിപ്പ്, സെക്രട്ടറി സക്കറിയ മത്തായി, ട്രഷറർ ബിജു മാത്യു, ജോയിന്റ് സെക്രട്ടറി ജിൻസ് ജോസഫ്, ബാഡ്‌മിന്റൺ കോർഡിനേറ്റർ ജേക്കബ് വർക്കി, ബാസ്കറ്റ്ബോൾ കോർഡിനേറ്റർ മെറിയാൻ ജോർജ് (സ്നേഹ), ക്രിക്കറ്റ് കോർഡിനേറ്റർ ബിജു ഫിലിപ്പ്, സോക്കർ കോർഡിനേറ്റർ ലിജോ കള്ളിക്കാടൻ, വോളീബോൾ കോർഡിനേറ്റർ റിയാൻ ഉമ്മൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ലബ്ബിന്റെ സുഗമമായ പ്രവർത്തനത്തിന് രൂപീകരിക്കപ്പെട്ടിട്ടുള്ള ഉപദേശക സമിതിയിൽ ജോസ് കള്ളിക്കാടൻ, വർഗ്ഗീസ് മാത്യു, റെജി ജോർജ്, സാനി അമ്പൂക്കൻ, മാത്യു ചേരാവള്ളിൽ, ഷെറിൻ എബ്രഹാം, രഘു നൈനാൻ, ജേക്കബ് എബ്രഹാം, രേഖ ജേക്കബ്, അലക്സ് ഉമ്മൻ എന്നിവരും തങ്ങളുടേതായ രീതിയിൽ മികച്ച സംഭാവനകൾ നൽകുന്നു.



