മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ റെഡ് ആർമി ഫെസ്ബുക് പേജ്. പി ശശി വർഗ വഞ്ചകനാണെന്ന് റെഡ് ആർമി ഫേസ്ബുക് പേജ് വിമർശിച്ചു. പി ശശിയെ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കരുതെന്ന് റെഡ് ആർമി ആവശ്യപ്പെടുന്നു. പി വി അൻവറിന്റേത് വിപ്ലവ മാതൃകയാണ്. പി ശശിക്കെതിര ആർജ്ജവമുള്ള നിലപാട് മുഖ്യമന്ത്രി സ്വീകരിക്കണമെന്നും റെഡ് ആർമി ആവശ്യപ്പെട്ടു. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കാൻ പി ശശി പൊലീസിന് സ്വാതന്ത്ര്യം നൽകിയെന്നും റെഡ് ആർമി ആരോപിക്കുന്നു.
പി വി അൻവർ എം എൽ എ ഉയർത്തിയ ഗുരുതര രാഷ്ട്രീയ ആരോപണങ്ങൾ ഇടതുപക്ഷത്ത് വലിയ കോളിളക്കമായി മാറിയിട്ടുണ്ട്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഭയക്കുന്നില്ലെനന്നായിരുന്നു പി ശശിയുടെ പ്രതികരണം. ആർക്കും എന്ത് ആരോപണവും ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഇതൊന്നും തനിക്ക് പുതിയതല്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതൽ താൻ ആക്രമണങ്ങൾ നേരിടുന്നുണ്ട്. എന്നിട്ടും താൻ ഇതുവരെയെത്തി, അത് മതി. തനിക്ക് ഭയമോ ആശങ്കയോ ഇല്ല. സർവാധികാരി മനോഭാവം തനിക്കില്ലെന്നുമാണ് ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചത്.
മുഖ്യമന്ത്രി ഏൽപിക്കുന്ന ചുമതലകൾ പി.ശശി നിർവഹിക്കുന്നില്ലെന്നും അദ്ദേഹം പരാജയമാണെന്നും അൻവർ ആരോപിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പി.വി അന്‍വര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പി.ശശിക്കെതിരെ പാര്‍ട്ടിതല അന്വേഷണം ഉണ്ടായേക്കും.