വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ ഭരണശൈലിയിൽ മാറ്റത്തിന്റെ സൂചന നൽകി ലിയോ പതിനാലാമൻ മാർപാപ്പ. കർദിനാൾമാരുടെ യോഗം എല്ലാ വർഷവും ചേർന്ന് ഭരണപരമായ വിഷയങ്ങൾ ചർച്ച ചെയ്യും.
സഭാ ഭരണത്തിൽ എല്ലാവർക്കും അഭിപ്രായം അറിയിക്കാൻ അവസരമുണ്ടാകുമെന്ന് കർദിനാൾമാരുടെ സിനഡ് തീരുമാനം വിശദീകരിച്ച വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി പറഞ്ഞു. ഈ വർഷം ജൂൺ അവസാനം ഒരിക്കൽക്കൂടി കർദിനാൾമാരുടെ സിനഡ് ചേർന്ന് വിലയിരുത്തൽ നടത്തി വേണ്ട മാറ്റങ്ങൾ നിർദേശിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ കാലത്ത് അദ്ദേഹം തിരഞ്ഞെടുത്ത 9 അംഗ കർദിനാൾസമിതി ഇടയ്ക്കിടെ യോഗം ചേർന്ന് ഉപദേശം നൽകുന്ന രീതിക്കെതിരെ പരാതി ഉയർന്നിരുന്നു.
ചില രാഷ്ട്രങ്ങൾ ശക്തി പ്രയോഗിച്ച് മറ്റു രാഷ്ട്രങ്ങളിൽ കടന്നുകയറുന്നതിനെ വത്തിക്കാനിൽ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടെ വാർഷിക സമ്മേളനത്തിൽ ലിയോ മാർപാപ്പ നിശിതമായി വിമർശിച്ചു.



