മയാമി: ഫ്ലോറിഡയിലെ മയാമിയിലുള്ള ഡോളർ ട്രീ സ്റ്റോറിലെ ഫ്രീസറിനുള്ളിൽ യുവവനിതാ ഡോക്ടറുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തി. ഡോ. ഹെലൻ മാസിൽ ഗാരെ സാഞ്ചസിന്റെ (32) മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഞായറാഴ്ച രാവിലെ 8 മണിയോടെ സ്റ്റോറിലെ ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയത്.
തലേദിവസം രാത്രിയാണ് ഹെലൻ സ്റ്റോറിലെത്തിയത്. അന്ന് തന്നെ ഹെലൻ ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള ഫ്രീസർ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പോവുകയായിരുന്നുവെന്നും രാത്രി മുഴുവൻ അവിടെ ചെലവഴിച്ചു എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
എന്തിനാണ് ഹെലൻ ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്തേക്ക് പോയതെന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. മാനസികമോ വ്യക്തിപരമോ ആയ പ്രശ്നങ്ങള്‍ ഹെലന് ഉണ്ടായിരുന്നോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ കൊലപാതക സാധ്യതയില്ലെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
നിക്കരാഗ്വയിൽ നിന്നുള്ള ഡോക്ടറായ ഹെലൻ ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളുടെ ചികിത്സയിൽ സ്പെഷലൈസ് ചെയ്തിരുന്ന അനസ്തേഷ്യോളജിസ്റ്റ് ആയിരുന്നു.



