ദില്ലി: സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയുള്ള ലേഖനവും മോദിയുടെ യുഎസ് സന്ദർശനവും സംബന്ധിച്ചുള്ള വിവാദത്തിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ കൂടിക്കാഴ്ച. കെസി വേണുഗോപാലിൻ്റെ കൂടി സാന്നിധ്യത്തിലാണ് രാഹുൽ ഗാന്ധിയും ശശി തരൂരും തമ്മിൽ സംസാരിച്ചത്. ശശി തരൂരിൻറെ കൂടി ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച നടന്നത്. രാഹുൽ ഗാന്ധിയെ കണ്ട ശേഷം പത്ത് ജൻപഥിലെ വസതിയിൽ വച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
പ്രശ്നങ്ങൾ സങ്കീർണ്ണമാകാതെയുള്ള അനുനയ ചർച്ചയാണ് നടന്നതെന്നാണ് ലഭിക്കുന്ന വിവരം. തൻ്റെ ലേഖനത്തിലോ, മോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ പ്രതികരണത്തിലോ തെറ്റായ ഉദ്ദേശ്യങ്ങളില്ലായിരുന്നുവെന്നാണ് തരൂർ രാഹുൽ ഗാന്ധിയോടും ഖർഗെയോടും വിശദീകരിച്ചത്. കൂടിക്കാഴ്ചകൾക്ക് ശേഷം പത്ത് ജൻപഥിൻ്റെ പിൻവശത്തെ ഗേറ്റ് വഴിയാണ് ശശി തരൂർ മടങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാതിരിക്കാനായിരുന്നു ഇത്.
എല്ലാം കൂളാണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു കെസി വേണുഗോപാലിൻ്റെ പ്രതികരണം. ചർച്ചയുടെ വിശദാംശങ്ങൾ തനിക്ക് അറിയില്ല. രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചാണ് ശശി തരൂർ വന്നത്. കോൺഗ്രസ് പാർട്ടിയുടെ നിലപാടിനൊപ്പമാണ് ശശി തരൂർ ഉള്ളതെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.