ന്യൂയോർക്ക്: ഹൂതികള്‍ക്കെതിരായ സൈനിക നടപടി ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച ട്രംപ് ഭരണകൂടത്തിലെ ഉന്നതരുടെ ഗ്രൂപ്പില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ്. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഉൾപ്പെടെയുള്ളവർ അതീവ പ്രാധാന്യമുള്ള രഹസ്യ വിവരങ്ങൾ പരസ്പരം കൈമാറിയ ഗ്രൂപ്പിൽ ‘ദ അറ്റ്ലാന്റിക്’ മാഗസിൻ എഡിറ്റർ ഇൻ ചീഫ് ജെഫ്രി ഗോൾഡ്ബെർഗിനെയാണ് അബദ്ധത്തിൽ ഉൾപ്പെടുത്തിയത്. അതേസമയം സിഗ്നൽ ചാറ്റിലെ കൂടുതൽ വിവരങ്ങൾ അറ്റ്‍ലാന്റിക് മാഗസിൻ പുറത്തുവിട്ടു.
മാധ്യമ പ്രവർത്തകനെ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയതിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും താനാണ് ആ ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും മൈക്ക് വാൾട്സ് ഒരു ടെലിവിഷൻ ചാനലിനോട് സംസാരിക്കവെ പറഞ്ഞു. അപമാനകരമായ സംഭവമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം വലിയ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും രഹസ്യ വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നും സുരക്ഷാ പ്രശ്നമില്ലെന്നുമാണ് ഇന്റലിജൻസ് തലവന്മാരുടെ അവകാശവാദം. മൈക്ക് വാൾട്സ് എന്ന പേരിൽ നിന്ന് തന്നെയാണ് തന്നെ സിഗ്നൽ ആപ്പിലെ ഗ്രൂപ്പിൽ ആഡ് ചെയ്തതെന്ന് ദ അറ്റ്ലാന്റിക് എഡിറ്റർ ഇൻ ചീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.