ന്യൂഡൽഹി: ലോകത്ത് 42 രാജ്യങ്ങളിലെ ടെലികോം സ്ഥാപനങ്ങളെയും സർക്കാർ സംഘടനകളെയും ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ചൈനയുടെ പിന്തുണയുളള ഹാക്കിങ് സംഘത്തെ ഗൂഗ്ൾ തടഞ്ഞതായി റിപ്പോർട്ട്. യു.എൻ.സി 2814 എന്ന പേരിലും ഗാലിയം എന്ന പേരിലും അറിയപ്പെടുന്ന ചാര ശൃംഖലയെ ഗൂഗ്ളിന്റെ സൈബർ സുരക്ഷ വിഭാഗമാണ് കണ്ടെത്തിയത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുപ്രധാന വിവരങ്ങൾ ചോർത്താനാണ് ഈ സംഘം ശ്രമിച്ചതെന്നാണ് കണ്ടെത്തൽ. ലോകമെമ്പാടുമുള്ള ആളുകളെയും സംഘടനകളെയും നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന വലിയ നിരീക്ഷണ ഉപകരണമായിരുന്നു ഇതെന്ന് ഗൂഗ്ൾ ത്രെട്ട് ഇന്റലിജൻസ് ഗ്രൂപ്പിന്റെ ചീഫ് അനലിസ്റ്റ് ജോൺ ഹൾട്ട്ക്വിസ്റ്റ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഹാക്കർമാർ ഗ്രിഡ്ടൈഡ് (Gridtide) എന്ന ബാക്ക്ഡോർ ഉപയോഗിച്ച് സിസ്റ്റങ്ങളിലെക്ക് രഹസ്യമായി പ്രവേശിക്കുകയും ഫയലുകൾ അപ് ലോഡും ഡൗൺലോഡും ചെയ്യാനും ഡാറ്റ മോഷ്ടിക്കാനും കഴിഞ്ഞതായി ഗൂഗ്ൾ അറിയിച്ചു. തങ്ങളുടെ ചാരപ്രവർത്തി തിരിച്ചറിയാതിരിക്കാൻ ഇവർ ഗൂഗ്ൾ ഷീറ്റ്സാണ് ഉപയോഗിച്ചിരുന്നത്. സാധാരണ ഓഫിസ് ഡാറ്റയാണെന്ന് തോന്നിപ്പിക്കും വിധം ഇതിലൂടെയാണ് ഹാക്കർമാർ നിർദേശങ്ങൾ അയച്ചിരുന്നത്. വോട്ടർ ഐ.ഡി നമ്പറുകൾ, ഫോൺ നമ്പറുകൾ, ജനനത്തീയതി എന്നിങ്ങനെ അതീവ സുരക്ഷയുളള വ്യക്തിഗത വിവരങ്ങളാണ് ഇവർ മോഷ്ടിച്ചത്.
അവരുടെ ഗൂഗ്ൾ ക്ലൗഡ് ആക്സസ് തടയുകയും അക്കൗണ്ടുകൾ റദ്ദാക്കുകയും ചെയ്തതായി ഗൂഗ്ൾ അറിയിച്ചു. ഉപയോഗിച്ചിരുന്ന ഇന്റർനെറ്റ് അടിസ്ഥാനസൗകര്യങ്ങൾ പ്രവർത്തനരഹിതമാക്കുകയും, ഗൂഗിൾ ഷീറ്റ്സുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതുവഴി മറ്റ് 22 രാജ്യങ്ങളിലെക്ക് കൂടി ഈ ശൃംഖല വ്യാപിക്കുന്നത് തടയാൻ സാധിച്ചതായും കമ്പനി വ്യക്തമാക്കി. ഗൂഗ്ളിന്റെ സുരക്ഷ വീഴ്ചകളല്ലെന്നും മറിച്ച് നിലവിലെ ഫീച്ചറുകളെ ഹാക്കർമാർ തന്ത്രപരമായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ഗൂഗ്ൾ വ്യക്തമാക്കി.



