കൊച്ചി: അഭിമന്യു കേസിൽ രേഖകൾ ഹാജരാക്കി പ്രോസിക്യൂഷൻ. കോടതിയിൽ നിന്ന് നഷ്ടപ്പെട്ട രേഖകളുടെ പകർപ്പാണ് ഹാജരാക്കിയത്. രേഖകൾ പുനസൃഷ്ടിക്കുന്നതിൽ തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ എതിർപ്പ് അറിയിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. രേഖകളുടെ അധികാരികതയിൽ സംശയമുണ്ടെങ്കിൽ കോടതിയിൽ നിന്ന് നേരത്തെ കൈപ്പറ്റിയ കോപ്പിയുമായി ഒത്തു നോക്കാമെന്ന് കോടതി വ്യക്തമാക്കി. ഹർജി പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി.
2018 ജൂൺ 1 നാണ് മഹാരാജസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ടിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്.മുഖ്യപ്രതിയെ പിടികൂടാന്‍ ഏറെ വൈകിയ കേസിൽ കൊലയ്ക്കുപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല.വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു കേസിലെ സുപ്രധാന രേഖകൾ നഷ്ടമായത് ദുരൂഹമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അഭിമന്യുവിന്‍റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. കോടതിയിൽ നിന്നും രേഖകൾ കാണാതായതിൽ അന്വേഷണം വേണമെന്നും അഭിമന്യുവിന്‍റെ സഹോദരന്‍ പരിജിത്ത് ആവശ്യപ്പെട്ടിരുന്നു.
വിചാരണ നടക്കാനിരിക്കേ ശേഖകൾ കാണാതെ പോയതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി രേഖകള്‍ ഉടൻ വീണ്ടെടുക്കണമെന്നും പരിജിത്ത് പറഞ്ഞിരുന്നു. രേഖകൾ മാറ്റിയ വരെ പൊതു സമൂഹത്തിന് മുന്നിൽ എത്തിക്കണമെന്നും പരിജിത്ത് ആവശ്യപ്പെട്ടിരുന്നു. കുറ്റപത്രമടക്കം നഷ്ടപ്പെട്ടെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ ഹൈക്കോടതിയുടെ സമഗ്ര അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. രേഖകൾ കാണാതായത് പരിശോധിക്കുമെന്ന് നിയമന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു.