ദക്ക: ഇന്ത്യാ വിരുദ്ധ വികാരം ഉയർത്താൻ ശ്രമിച്ച പ്രതിപക്ഷ നേതാക്കൾക്കെതിരെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യ ബഹിഷ്കരിക്കു എന്ന പ്രചാരണം നടത്തുന്നവരെ ഷെയ്ഖ് ഹസീന രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷ പാർട്ടിയായ ബിഎൻപി ബംഗ്ലാദേശിൻ്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇന്ത്യ ഇടപെടുന്നുവെന്ന് ആരോപിക്കുകയും ബഹിഷ്‌കരണ ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. ബിഎൻപി നേതാക്കൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുകയാണെങ്കില്‍ അവരുടെ ഭാര്യമാരുടെ ഇന്ത്യൻ സാരി കത്തിച്ചുകളയാനും തയ്യാറാവണമെന്നായിരുന്നു ഷെയ്ഖ് ഹസീനയുടെ പ്രതികരണം.
ഷെയ്ഖ് ഹസീന ഇന്ത്യ അനുകൂലിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഹസീനയെ ഇന്ത്യ സഹായിച്ചുവെന്ന് പ്രതിപക്ഷം അവകാശവാദമുയർത്തി. കൂടാതെ ഇന്ത്യയിലെ ഉത്പ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് കാമ്പയിനും നടത്തി. ദീർഘകാലമായി ബംഗ്ലാദേശിൻ്റെ തിരഞ്ഞെടുപ്പ് കാര്യങ്ങളിൽ ഇന്ത്യ ഇടപെടുന്നുണ്ടെന്ന് ട്വീറ്റുകളിലൂടെ ബിഎന്‍പി നേതാക്കള്‍ ആരോപിച്ചിരുന്നു.
പ്രശ്നം രൂക്ഷമായപ്പോളാണ് ഷെയ്ഖ് ഹസീന പ്രതികരണവുമായി രംഗത്തെത്തിയത്. ബോയ്‌കോട്ട് ഇന്ത്യ കാമ്പെയിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ‘ബിഎൻപി നേതാക്കൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നു. എൻ്റെ ചോദ്യം ഇതാണ് ബഹിഷ്കരണ സമരക്കാരുടെ ഭാര്യമാർക്ക് എത്ര ഇന്ത്യൻ സാരികൾ ഉണ്ട്? എന്തുകൊണ്ട് അവർക്ക് ഭാര്യമാരുടെ സാരി എടുത്ത് കത്തിച്ചുകൂടാ? പാർട്ടി ഓഫീസിന് മുന്നിൽ ഭാര്യമാരുടെ ഇന്ത്യൻ സാരികൾ കത്തിച്ചാൽ മാത്രമേ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ അവർ പ്രതിജ്ഞാബദ്ധരാണെന്ന് തെളിയൂ. ബിഎൻപി നേതാക്കളും അവരുടെ ഭാര്യമാരും ഇന്ത്യയിൽ നിന്ന് സാരി വാങ്ങി ബംഗ്ലാദേശിൽ വിൽക്കാറുണ്ട്. ബിഎൻപി അധികാരത്തിലിരുന്നപ്പോൾ അവരുടെ നേതാക്കളുടെ ഭാര്യമാർ ഇന്ത്യൻ സാരികൾ വാങ്ങാൻ കൂട്ടമായി ഇന്ത്യയിലേക്ക് പറക്കുന്നത് ഞാൻ കണ്ടിരുന്നു. അവർ സാരികൾ വാങ്ങി ബംഗ്ലാദേശിൽ വിൽക്കുമായിരുന്നു’- ഷെയ്ഖ് ഹസീന പറഞ്ഞു.
ഇന്ത്യൻ മസാലകൾ ഇല്ലാതെ ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ കഴിയില്ലേയെന്നും ഷെയ്ഖ് ഹസീന ചോദിച്ചു. ‘ഇന്ത്യയിൽ നിന്ന് ഗരം മസാല, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി തുടങ്ങി നിരവധി ഇനങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. എന്തുകൊണ്ട് ബിഎൻപി നേതാക്കൾ ഇന്ത്യൻ മസാലകൾ ഇല്ലാതെ പാചകം ചെയ്യുന്നില്ല? അവർ ഇതില്ലാതെ ഉണ്ടാക്കുന്ന ഭക്ഷണം പാകം ചെയ്ത് കഴിക്കണം. മസാലകൾ ഇല്ലാതെ ഭക്ഷണം കഴിക്കാൻ കഴിയുമോ എന്ന് അവർ പറയണം, അവർ അതിന് ഉത്തരം നൽകേണ്ടിവരും’, ഷെയ്ഖ് ഹസീന കൂട്ടിച്ചേര്‍ത്തു.