കൊച്ചി: പെരിയാറിൽ രാസമാലിന്യം കലർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധവുമായി മത്സ്യക്കർഷകർ. ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ ചത്ത മീനുകളുമായി എത്തിയാണ് മത്സ്യക്കർഷകർ പ്രതിഷേധിക്കുന്നത്. ഓഫീസിന്റെ പരിസരത്തേക്ക് ചീഞ്ഞ മത്സ്യം പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. വലിയ കുട്ടകളിലാണ് ചത്ത മീനുകളുമായി പ്രതിഷേധക്കാരെത്തിയത്. സമീപകാലത്തുണ്ടാകാത്ത വിധത്തിലായിരുന്നു ജനരോഷം. മത്സ്യങ്ങളെറിയാനുള്ള ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞെങ്കിലും വിജയിച്ചില്ല.
കോടികളുടെ നാശനഷ്ടമാണ് തങ്ങൾക്കുണ്ടായതെന്ന് മത്സ്യക്കർഷകർ ഒരേ ശബ്ദത്തിൽ പറയുന്നു. സർക്കാർ സ്ഥാനപനങ്ങളുടെ അനാസ്ഥയാണ് ഈ ദുരന്തത്തിന് പിന്നിലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഇത്രയധികം നഷ്ടം ഇതുവരെ മത്സ്യക്കർഷകർക്ക് ണ്ടായിട്ടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായിരിക്കുന്നത്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കൊച്ചി കോർപ്പറേഷൻ മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയതായി ഫിഷറീസ് വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.