ദില്ലി: സിബിഎസ്‌ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 87.98 ശതമാനമാണ് വിജയം. മേഖലകളിൽ 99.91 ശതമാനവുമായി തിരുവനന്തപുരം ഒന്നാമത് എത്തി. പത്താം ക്ലാസ് ഫലം ഉടൻ പ്രസിദ്ധീകരിക്കും. കഴിഞ്ഞ വർഷത്തെക്കാൾ വിജയം ശതമാനത്തിൽ 0.65 ന്റെ വർധനവാണ് ഉണ്ടായത്. ഈ വർഷവും പെൺകുട്ടികൾ ആൺകുട്ടികളെ പിന്നിലാക്കി. പെൺകുട്ടികളുടെ വിജയശതമാനം 91.52 ശതമാനവും ആൺകുട്ടികളുടേത് 85.12 ശതമാനവുമാണ്.
കേരളം ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല 99.91 ശതമാനം വിജയംനേടി രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തി. 98.47 ശതമാനത്തോടെ ചെന്നൈ രണ്ടാം സ്ഥാനത്തും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണ്. 24,000 ത്തിലധികം വിദ്യാർത്ഥികൾ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. മികച്ച രീതിയിൽ പരീക്ഷ പൂർത്തിയാക്കാൻ സാധിച്ചെന്നും ഫലം പ്രതീക്ഷിച്ചതുപോലെ പ്രഖ്യാപിക്കാൻ കഴിഞ്ഞെന്നും സിബിഎസ്ഇ അറിയിച്ചു.