ദില്ലി: ദില്ലി കലാപ ഗൂഢാലോചനക്കേസില്‍ ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമല്‍ ഖാലിദ് സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിന്‍വലിച്ചു. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ അറിയിച്ചു. ഉമർഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നിരവധി തവണ സുപ്രീംകോടതി മാറ്റിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി ഉമർഖാലിദ് വിചാരണക്കോടതിയെ സമീപിക്കുന്നത്.
ചില സാഹചര്യങ്ങൾ മാറി. അതിനാൽ സുപ്രീംകോടതിയിലെ ജാമ്യാപേക്ഷ പിൻവലിക്കുകയാണ്. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കുമെന്നും ഉമർഖാലിദിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. 2020 സെപ്തംബർ 13 നാണ് ഉമർ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യുഎപിഎ ചുമത്തിയായിരുന്നു അറസ്റ്റ്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുൻപ് ഇവർ രണ്ട് പേരും, ഷഹീൻ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച യുണൈറ്റ് എഗെൻസ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.