Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedകർണാടക സർക്കാരിനെതിരെ കേരളത്തിൽ യാഗം: ഡികെയുടെ ആരോപണം നിഷേധിച്ച് രാജരാജേശ്വര ക്ഷേത്ര ഭാരവാഹികൾ

കർണാടക സർക്കാരിനെതിരെ കേരളത്തിൽ യാഗം: ഡികെയുടെ ആരോപണം നിഷേധിച്ച് രാജരാജേശ്വര ക്ഷേത്ര ഭാരവാഹികൾ

കണ്ണൂർ: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും നശിപ്പിക്കാൻ കേരളത്തിലെ ക്ഷേത്രത്തിൽ യാഗങ്ങളും മൃ​​ഗബലികളും നടന്നെന്ന ആരോപണം നിഷേധിച്ച് രാജരാജേശ്വര ക്ഷേത്ര ദേവസ്വം. വാസ്തവവിരുദ്ധമായ പ്രസ്താവനയാണെന്നും ക്ഷേത്രത്തിൽ അങ്ങനെ ഒരു പൂജ നടക്കാറില്ലെന്നും ദേവസ്വം ട്രസ്റ്റി ടി ടി മാധവൻ മെമ്പർ റിപ്പോർട്ടറിനോട് പറഞ്ഞു. അത്തരം പൂജ നടന്നുവെന്ന് ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാനാണ് സാധ്യത. ക്ഷേത്ര പരിസരത്തും ഇത്തരമൊരു യാഗം നടന്നതായി വിവരമില്ല. മൃഗബലിയോ മറ്റ് യാഗങ്ങളോ ക്ഷേത്ര പൂജയുടെ ഭാഗമല്ല. ബിജെപി നേതാവും കർണാടക മുൻമുഖ്യമന്ത്രി യെദ്യൂയൂരപ്പ ഉൾപ്പെടെയുള്ള മറ്റു രാഷ്ട്രീയ നേതാക്കൾ ക്ഷേത്രത്തിൽ വരാറുണ്ട്. അതുകൊണ്ട് ഒരുപക്ഷേ തെറ്റിദ്ധാരണ ഉണ്ടായതാവാം എന്നും ടി ടി മാധവൻ പറഞ്ഞു.

കർണാടക കോൺ​ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറാണ് ആരോപണവുമായി രം​ഗത്തെത്തിയത്. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ തകർക്കാനുളള ശ്രമത്തിന്റെ ഭാ​ഗമായാണ് ഇത്തരത്തിലുളള പ്രവർത്തികൾ നടക്കുന്നതെന്നും ശിവകുമാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കർണാടക സർക്കാരിനെതിരെ കേരളത്തിൽ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതിൽ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും ശിവകുമാർ പറഞ്ഞു.

ആരുടെയും പേര് നേരിട്ട് പറയാതെ രാഷ്ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ തൻ്റെ കൈത്തണ്ടയിൽ കെട്ടിയിരിക്കുന്ന ചരട് എടുത്ത് കാണിച്ച് തനിക്ക് നേരേയുളള ദുഷിച്ച കണ്ണുകളെ തടയാനാണ് താൻ ഇത് കെട്ടിയിരിക്കുന്നതും ശിവകുമാർ പറഞ്ഞു.

തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെയാണ് യാഗങ്ങൾ നടത്തുന്നത്. കേരളത്തിലെ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്ത് ശത്രുക്കളെ ഇല്ലാതാക്കാൻ ശത്രു ഭൈരവിയാഗം(അഗ്നിബലി), പഞ്ചബലി എന്നീ കർമങ്ങളാണ് നടത്തിയത്. ആട്, 21 എരുമകൾ, മൂന്ന് കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവ അഗ്നിയാഗത്തിനായി ഉപയോ​ഗിച്ചു. പൂജകൾക്കായി ശത്രുക്കൾ അഘോരികളെയാണ് സമീപിക്കുന്നത്. യാ​ഗങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും അതിൽ പങ്കെടുത്തവരിൽ നിന്ന് തനിക്ക് അതിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും ശിവകുമാർ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രം ഭാരവാഹികളുടെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments