ദില്ലി: കോൺഗ്രസിന്റെ പ്രകടന പത്രികക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസിന്റെ പ്രകടന പത്രി ഇന്ത്യയിലെ തെരഞ്ഞെടുപ്പിനേക്കാൾ പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പിനാണ് ഉചിതമെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അധികാരത്തിലെത്താൻ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് പ്രകടനപത്രികയുടെ ലക്ഷ്യമെന്നും ഹിമന്ത ബിശ്വ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കിയത്.
കോൺഗ്രസിൻ്റെ പ്രകടനപത്രിക പ്രീണന രാഷ്ട്രീയമാണെന്ന് ശർമ്മ പ്രതികരിച്ചു.”ഇത് പ്രീണനത്തിൻ്റെ രാഷ്ട്രീയമാണ്, ഞങ്ങൾ അതിനെ അപലപിക്കുന്നു. ഇത് ഭാരതത്തിലെ തെരഞ്ഞെടുപ്പിന് വേണ്ടിയല്ല, പാകിസ്ഥാന് വേണ്ടിയുള്ളതാണെന്ന് പ്രകടനപത്രികയിൽ തോന്നുന്നു,” ജോർഹട്ട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിനിടെ ഹിമന്ത ബിശ്വ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുത്തലാഖ്, ബഹുഭാര്യത്വം, ശൈശവ വിവാഹം ഇവയെ പിന്തുണയ്ക്കാൻ ഹിന്ദുവോ മുസ്ലീമോ ആയ ഒരു വ്യക്തിയും ആഗ്രഹിക്കുന്നില്ലെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരത്തിലെത്തുക എന്നതാണ് കോൺഗ്രസിൻ്റെ മാനസികാവസ്ഥയെന്നും ഹിമന്ത ബിശ്വ കൂട്ടിച്ചേർത്തു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. മുസ്ലീംലീഗിൻ്റെ വിചാരധാരകൾ നിറഞ്ഞതാണ് കോൺഗ്രസ് പ്രകടനപത്രികയെന്ന് മോദി ആരോപിച്ചു. സ്വാതന്ത്ര്യ സമര കാലത്ത് ലീഗിൽ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രതിഫലിക്കുന്നത്. അവശേഷിക്കുന്ന ഭാഗം ഇടത് പക്ഷത്തിൻ്റെ നിലപാടുകളെന്നും മോദി തുറന്നടിച്ചു.
രാഷ്ട്ര നിർമ്മാണത്തിനുള്ള ഒരു നിർദ്ദേശവും കോൺഗ്രസിന് സ്വന്തമായി ഇല്ല. ഈ പ്രകടനപത്രികയുമായി രക്ഷപ്പെടാൻ കോൺഗ്രസിനാകില്ലെന്നും മോദി പറഞ്ഞു. രാഹുൽ ഗാന്ധി- അഖിലേഷ് യാദവ് കൂട്ടുകെട്ടിനെയും മോദി പരിഹസിച്ചു. ചെക്കന്മാരുടെ പടം പണ്ടേ പൊട്ടിയതാണെന്നും പൊട്ടിയ പടം വീണ്ടും റിലീസ് ചെയ്യുകയാണെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ്-എസ്പിയുടെയും പഴയ പഴയ സഖ്യം ഓർമ്മപ്പെടുത്തിയാണ് മോദിയുടെ പരിഹാസം. അതേസമയം, മോദി ഭരണത്തിൽ രാജ്യം കടുത്ത നിരാശയിലെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി വിമര്‍ശിച്ചു. മോദിയുടെ ഏകാധിപത്യം അവസാനിപ്പിക്കാൻ പോരാടും.ജനാധിപത്യത്തെ ബിജെപി തകർത്തെന്നും സോണിയ ഗാന്ധി ആരോപിച്ചു.