വൈദേകം – നിരാമയ ബന്ധം നിഷേധിക്കാതെ എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജൻ.തന്റെ ഭാര്യയ്ക്ക് വൈദേകത്തിൽ ഓഹരിയുള്ളതിൽ എന്ത് തെറ്റാണ് ഉള്ളതെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിനൊപ്പം തന്റെ ഭാര്യയുടെ തല വെട്ടിചേർത്തു ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് വി ഡി സതീശൻ നടത്തുന്നതെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി. ഇ പി ജയരാജന്റെ ഭാര്യയുടെ പരാതിയിൽ വളപട്ടണം പൊലീസ് കേസെടുത്തു.
ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരനും ഇ പി ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനാണു ആരോപിച്ചത്. പിന്നാലെ ഇ പി ജയരാജന്റെ ബന്ധുക്കൾ നിരാമയയിലെ
പ്രതിനിധികളുമായി നിൽക്കുന്ന ചിത്രങ്ങളും പുറത്തു വിട്ടിരുന്നു. എന്നാൽ വൈദേകം നിരാമയ കമ്പനികളുടെ കാര്യം കമ്പനികളോട് തന്നെ ചോദിക്കണമെന്നാണ് ഇ പി ജയരാജന്റെ നിലപാട്.വൈദേകത്തിലുള്ള ഭാര്യയുടെ ഓഹരി കൈമാറാൻ തീരുമാനിച്ചെന്നും,വിവാദത്തിൽ പെടാനില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.
വിവാദത്തിന് തിരികൊളുത്തിയ പ്രതിപക്ഷ നേതാവിനെ ഇ പി ജയരാജൻ കടന്നാക്രമിച്ചു. ത്രിപുരയിലെ ബിജെപി എംപി യും രാജീവ് ചന്ദ്രശേഖരനും ഇരിക്കുന്ന ചിത്രത്തിൽ തന്റെ ഭാര്യയുടെ തല വെട്ടി ചേർത്തതിന് പിന്നിൽ വി ഡി സതീശനാണു. സതീശന്റെത് ഫ്രോഡ് രാഷ്ട്രീയമെന്നും ഇ പി ജയരാജൻ പറഞ്ഞു.
ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയുടെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു.തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെ വളപട്ടണം പൊലീസ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കൽ കലാപ ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.