കോഴിക്കോട് ജില്ലയിൽ അഞ്ച് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. ഇവർ രോഗമുക്തി നേടി. ശനിയാഴ്ചയാണ് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം വന്നത്.
വെസ്റ്റ് നൈൽ പനി ബാധിച്ചെന്ന് സംശയിക്കുന്ന വേങ്ങേരി സ്വദേശി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയിൽ തുടരുന്ന വ്യക്തിയുടെ നില ഗുരുതരമാണ്. ഈ വ്യക്തിക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിട്ടില്ല. പനി ബാധിച്ച് രണ്ടുപേർ കോഴിക്കോട് ജില്ലയിൽ മരിച്ചിരുന്നു. മരിച്ച വ്യക്തികൾക്കും വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിട്ടില്ല.
മൃഗങ്ങളിൽ നിന്നും കൊതുക് വഴിയാണ് രോഗം മനുഷ്യരിലേക്ക് രോഗം പടരുന്നത്. മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. ക്യൂലക്‌സ് വിഭാഗത്തിൽപ്പെട്ട കൊതുകാണ് രോഗം പ്രധാനമായും പരത്തുന്നത്. പക്ഷികളിൽ നിന്നും പക്ഷികളിലേക്കും രോഗം പരത്തുന്നു. 1937ൽ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ൽ ആലപ്പുഴയിലാണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തത്.
തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ ബഹുഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. ചിലർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാം.