Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized6 കോടിയുടെ കരാർ, പക്ഷേ മണിയാർ ബാരേജിന്‍റെ ഷട്ടറുകൾ ഇതുവരെ മാറ്റിയില്ല, അപകടഭീഷണി, ഗുരുതര വീഴ്ച

6 കോടിയുടെ കരാർ, പക്ഷേ മണിയാർ ബാരേജിന്‍റെ ഷട്ടറുകൾ ഇതുവരെ മാറ്റിയില്ല, അപകടഭീഷണി, ഗുരുതര വീഴ്ച

പത്തനംതിട്ട :  പത്തനംതിട്ട മണിയാർ ബാരേജിന്‍റെ കാലപ്പഴക്കം ചെന്ന ഷട്ടറുകൾ മാറ്റിസ്ഥാപിക്കുന്നതിൽ ജലസേചനവകുപ്പിന് ഗുരുതര വീഴ്ച. സ്വകാര്യ കമ്പനിക്ക് കരാർ നൽകി രണ്ട് വർഷമാകുമ്പോഴും ഷട്ടറുകളിൽ ഒരെണ്ണം പോലും മാറ്റിസ്ഥാപിച്ചില്ല. വലിയ അപകടഭീഷണിയാണ് നിലനിൽക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

മഴ കനത്ത് ബാരേജ് നിറഞ്ഞാൽ ജലനിരപ്പ് ക്രമീകരിച്ച് പ്രളയക്കെടുതി ഒഴിവാക്കാൻ അഞ്ച് ഷട്ടറുകളും കൃത്യമായി തുറക്കണം. എന്നാൽ അഞ്ചെണ്ണത്തിന്‍റെയും അവസ്ഥപരിതാപരമാണ്. ഒന്നും മൂന്നും ഷട്ടറുകൾ ഉയർത്തണമെങ്കിൽ ജീവനക്കാർ പെടാപ്പാട് പെടണം. രണ്ട്, നാല് ഷട്ടറുകൾക്ക് വലിയ കുഴപ്പമില്ല. അഞ്ചാമത്തെ ഷട്ടർ തെന്നിമാറി ഒരു വശത്തേക്ക് പോയി.  തുറക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്.

കാലപ്പഴക്കം ചെന്ന അഞ്ച് ഷട്ടറുകളും അടിയന്തരമായി മാറ്റി പുതിയത് സ്ഥാപിക്കാൻ പ്രളയശേഷം തീരുമാനമെടുത്തതാണ്. ഒടുവിൽ, 2022 ജൂലൈയിൽ കൊൽക്കത്ത ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് ആറു കോടി ചെലവിൽ കരാ‍ർ നൽകി. എന്നാൽ ഷട്ടർ ഗേറ്റുകൾ മണിയാറിൽ എത്തിച്ചതല്ലാതെ ഒരുപണിയും നടന്നില്ല. വീണ്ടുമൊരു മഴക്കാലമെത്തുമ്പോൾ പഴകിയ ഷട്ടറുകൾ വെച്ചുതന്നെ ഉദ്യോഗസ്ഥർക്ക് ജലനിരപ്പ് ക്രമീകരിക്കേണ്ട ദുരവസ്ഥ, ഒപ്പം ജനങ്ങളും കടുത്ത ആശങ്കയിലാണ്.  

പമ്പ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മണിയാർ ബാരേജിലേക്ക്, രണ്ട് സ്വകാര്യ ജലവൈദ്യുതപദ്ധതികളിലെ വെള്ളംകൂടി എത്തും. അതിതീവ്രമഴ വന്നാൽ അത്രപെട്ടെന്ന് പഴക്കംചെന്ന ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിക്കാൻ പറ്റുമോയെന്നാണ് ആശങ്ക. കരാറെടുത്ത കമ്പനിയെ കൊണ്ട് തന്നെ ഉടൻ അറ്റകുറ്റപ്പണി നടത്തും. ഓഗസ്റ്റിൽ പുതിയ ഷട്ടറുകൾ സ്ഥാപിക്കും. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ഉദ്യോഗസ്ഥ വിശദീകരണം. കരാറുകാരനെ കൊണ്ട് കൃത്യമായി ജോലികൾ പൂർത്തിയാക്കാത്ത ജലസേചന വകുപ്പിന്‍റെ ഭാഗത്ത് ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് നിസ്സംശയം പറയേണ്ടിവരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments