കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ. അരുൺ, അതുൽ, ഷിബിൻ ലാൽ,സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നവരാണ് നാല് പേരും. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച സായൂജിനെ പാലക്കാട് നിന്നാണ് പിടികൂടിയത്. ബോംബ് നിർമാണത്തിൽ ഉൾപ്പെട്ട എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് അറിയിച്ചത്.
തെരഞ്ഞെടുപ്പ് കാലത്ത് ബോംബ് നിര്‍മ്മാണം യുഡിഎഫ് അടക്കം വലിയ ചര്‍ച്ചയാക്കിയതോടെയാണ് അന്വേഷണം കടുപ്പിക്കാൻ പൊലീസും തയ്യാറായത്. വിഷയം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തിൽ പ്രതികരിച്ചു. പ്രതികൾ ബോംബ് നിർമ്മിക്കുമെന്ന് 4 മാസം മുമ്പ് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നുവെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബോംബ് നിർമിച്ചത് ഗുരുതര നിയമ ലംഘനമാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വ്യക്തമാക്കി.