കൊല്ലം : ദി കേരള സ്റ്റോറി കൃത്യമായ രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമയാണെന്നും ആർ എസ് എസിന്റെ കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിസ്ത്യൻ രൂപതകൾ സിനിമ പ്രദർശിപ്പിക്കുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തെ കുറിച്ച് പച്ച നുണ പ്രചരിപ്പിക്കുന്ന സിനിമയാണ് ദി കേരളാ സ്റ്റോറി. സിനിമയിൽ ആർഎസ്എസിന് കൃത്യമായ അജണ്ഡയുണ്ട്. ഈ സിനിമക്ക് പ്രചാരണം നൽകുന്നതിലും പ്രത്യേക ഉദ്ദേശ്യമുണ്ടാകാം.
ഹിറ്റ്ലറുടെ ആശയം അതേ പോലെ പകർത്തിവെച്ചിരിക്കുന്നവരാണ് ആർഎസ്എസുകാർ. ജർമ്മനിയിൽ ജൂതരാണെങ്കിൽ ഇവിടെ മുസ്ലിം വിഭാഗവും ക്രിസ്റ്റ്യാനികളുമാണ് ഇരയാക്കപ്പെടുന്നത്. ആർ എസ് എസിൻ്റെ ഈ കെണിയിൽ ജനങ്ങൾ വീഴരുത്. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കൃത്യമായ ഉദ്ദേശമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്രം കഴിഞ്ഞ ദിവസം ഇടുക്കി രൂപതയ്ക്ക് കീഴിലെ പള്ളികളില്‍ വേദപഠനം നടത്തുന്ന കൗമാരക്കാര്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു. 10 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് മുന്നിലാണ് സിനിമ പ്രദർശിപ്പിച്ചത്. ദൂരദര്‍ശന്‍ കേരള സ്റ്റോറി സംപ്രക്ഷേണം ചെയ്യുന്നതിനു തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. നടപടി വലിയ വിവാദമായതോടെ, പ്രണയത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്‍റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നും കേരളത്തിലിപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നുമായിരുന്നു സഭയുടെ പ്രതികരണം.