കോട്ടയം: കുടിശ്ശിക വരുത്തിയ മറ്റ് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും എതിരായ നടപടി തുടര്‍ന്ന് കെഎസ്ഇബി. വൈദ്യുതി കുടിശിക വരുത്തിയ പൊതുമേഖല സ്ഥാപനത്തിന്‍റെ ഫ്യൂസ് കെഎസ്ഇബി ഊരി. കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്‍റസിലെ വൈദ്യുതി കണക്ഷനാണ് കട്ട് ചെയ്തത്. സ്ഥാപനം രണ്ട് കോടി രൂപ കുടിശിക വരുത്തിയ ആയതോടെയാണ് നടപടി. ഇത്രയധികം കുടിശ്ശിക അനുവദിക്കാനാവില്ല. ഇങ്ങനെ കെഎസ്ഇബിക്ക് മുന്നോട്ട് പോകാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ഇബി കടന്നുപാകുന്നത്. വൈദ്യുതി ഉപയോഗം കൂടിയതോടെ കെഎസ്ഇബിയുടെ ചിലവും ഏറുകയാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി കുടിശിക വരുത്തിയിട്ടുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ക്കെതിരായി നടപടി കെഎസ്ഇബി തുടരുന്നത്.
നേരത്തെ പത്തനംതിട്ട റാന്നി ഡി എഫ് ഒ ഓഫീസ് അടക്കമുള്ള വനം വകുപ്പ് ഓഫീസുകളുടെ ഫ്യൂസ് കെ എസ് ഇ ബി ഊരിയിരുന്നു. വൈദ്യുതി ബില്ലിൽ കുടിശ്ശിക വന്നതോടെയാണ് കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരിയത്. 17 , 000 രൂപ ആയിരുന്നു കുടിശിക.നേരത്തെ എറണാകുളം കളക്ടറേറ്റിലെ ഫ്യൂസും കെഎസ്ഇബി ഊരിയിരുന്നു. 24 മണിക്കൂറിനുശേഷമാണ് എറണാകുളം കളക്ടറേറ്റിലെ വൈദ്യുതി പുനസ്ഥാപിച്ചത്. മാർച്ച് 31 നകം 57ലക്ഷം രൂപയുടെ കുടിശ്ശിക അടച്ച് തീർക്കുമെന്ന ജില്ല കളക്ടറുടെ ഉറപ്പിലാണ് ഊരിയ ഫ്യൂസ് പുനസ്ഥാപിച്ചത്. കളക്ടേറ്റിൽ ഒന്നരക്കോടി രൂപ മുതൽ മുടക്കി സ്ഥാപിച്ച സോളാർ പാനൽ ഉപയോഗശൂന്യമായി കിടക്കുമ്പോഴാണ് കുടിശ്ശികയിൽ കെ എസ് ഇ ബി ഫ്യൂസ് ഊരിയത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഓഫീസുകളിലെ ഫ്യൂസ് ഊരിയതിന് പിന്നാലെ കെഎസ്ഇബിക്കായി കരാര്‍ ഓടുന്ന ജീപ്പ് നിയമ ലംഘനം നടത്തിയെന്ന പേരില്‍ എംവിഡി നടപടിയെടുത്ത സംഭവവും ഉണ്ടായിരുന്നു.