വാഷിങ്ടണ്‍: ഫോമയില്‍ യുവജനപങ്കാളിത്തം ഉറപ്പ് വരുത്തുമെന്ന് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. മധു നമ്പ്യാര്‍. യുവാക്കള്‍ക്കായി വിവിധ കലാകായിക മത്സരങ്ങള്‍, പരിശീലന പരിപാടികള്‍, കരിയര്‍ ഗൈഡന്‍സ്, കൗണ്‍സലിംഗ് ക്ലാസുകള്‍, ചലച്ചിത്ര സംഗീത ആസ്വാദന പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. യുവാക്കളാണ് ഫോമയുടെ ശക്തി. അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുമ്പോഴാണ് സംഘടന കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നത്. നവീന ആശയങ്ങളുള്ള യുവജനങ്ങളെ സംഘടനയുടെ മുന്‍നിരയിലേക്ക് എത്തിക്കണം. എല്ലാ ആഘോഷ പരിപാടികളുടെയും സംഘാടകരായി അവരെത്തണം. അവരുടെ ആശയങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഡോ. മധു നമ്പ്യാര്‍ പറഞ്ഞു.
കേരള അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്ടണ്‍ പ്രസിഡന്റ് ആയിരുന്ന കാലയളവില്‍ യുവാക്കള്‍ക്കായി ഡോ. മധു നമ്പ്യാര്‍ നടത്തി വന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. അക്കാലയളവില്‍ നടത്തിയ പരിശീലന പരിപാടികള്‍, യൂത്ത് കാര്‍ണിവല്‍, സ്റ്റെം മത്സരങ്ങള്‍, ഫണ്ട് റെയ്സിംഗ് പരിപാടികള്‍, കായിക മത്സരങ്ങള്‍, കലാ മത്സരങ്ങള്‍ എന്നിവ പങ്കാളിത്തം കൊണ്ട് ഏറെ പ്രശംസ നേടി. പഠനത്തോടൊപ്പം പഠ്യേതര മേഖലകളിലും വേറിട്ടു നില്‍ക്കുന്ന യുവജനങ്ങള്‍ക്കായി സമ്മാനിച്ച പുരസ്‌കാരങ്ങള്‍ നിരവധിപേര്‍ക്കാണ് പ്രചോദനമായത്.
ഡോ. മധു നമ്പ്യാരുടെ മക്കളായ ഹെര്‍ഷല്‍ എം. നമ്പ്യാര്‍, മാര്‍ഷല്‍ എം. നമ്പ്യാര്‍ എന്നിവര്‍ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയവരാണ്. രണ്ട് ആണ്‍കുട്ടികളും പ്രശസ്ത നര്‍ത്തകി ജാനകി ശിവരാമന്റെ കീഴില്‍ ഭരതനാട്യം അഭ്യസിച്ചു വരികയാണ്. മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ എ. ആര്‍. റഹ്‌മാന്‍ ഒരുക്കിയ സംഗീത വിരുന്നിലും ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ്സ് ചടങ്ങിലും നൃത്തം ചെയ്യാനും ഇരുവര്‍ക്കും അവസരം ലഭിച്ചു. കോളജ് കാലഘട്ടത്തില്‍ നിരവധി നൃത്തമത്സരങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമാവാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. ഫ്ളവേഴ്സ് ടിവിയും ഫോമാ എന്റര്‍ടൈന്‍മെന്റ് ചെയറും ചേര്‍ന്ന് സംഘടിപ്പിച്ച അറ്റ്ലാന്റ ടാലന്റ് അരീന നൃത്ത മത്സരങ്ങളില്‍ സെമി ക്ലാസിക്കല്‍, ക്ലാസിക്കല്‍ നൃത്തങ്ങളില്‍ ഒന്നാം സമ്മാനവും ഡോ. മധു നമ്പ്യാരുടെ മക്കള്‍ നേടി.
കേരള അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിന്റെ നിരവധി കലാപുരസ്‌കാരങ്ങള്‍ ഇരുവരും സ്വന്തമാക്കിയിട്ടുണ്ട്. ഫോമ സമ്മര്‍ ക്യാമ്പിലും കലാപ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. കഥകളി, ഓട്ടന്‍തുള്ളല്‍ എന്നി കലകളിലും പ്രാവീണ്യം നേടാന്‍ ഇരുവര്‍ക്കുമായിട്ടുണ്ട്.
നിരവധി ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡോ. മധു നമ്പ്യാര്‍ ഇന്റേണ്‍ഷിപ്പ് നല്‍കിയിരുന്നു. യുവാക്കള്‍ക്ക് ജോലി ലഭിക്കുന്നതിനും അദ്ദേഹം സഹായിച്ചു. ഇത്തരത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ഫോമയെ നവീകരിക്കുക എന്നതാണ് മധു നമ്പ്യാര്‍ ലക്ഷ്യം വയ്ക്കുന്നത്.