Thursday, January 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized'മെയ്ക്ക് ഇൻ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കേരളം, ഗഗൻയാന് എല്ലാ ഭാവുകങ്ങളും നേരുന്നു’; മുഖ്യമന്ത്രി

‘മെയ്ക്ക് ഇൻ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കേരളം, ഗഗൻയാന് എല്ലാ ഭാവുകങ്ങളും നേരുന്നു’; മുഖ്യമന്ത്രി

ഗഗൻയാന് എല്ലാ ഭാവുകങ്ങളും നേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യനെ വഹിക്കാൻ ശേഷിയുള്ള ഗഗൻയാൻ എന്ന ബഹിരാകാശ പേടകത്തിന്റെ നിർമ്മാണത്തിൽ രാജ്യം ഏർപ്പെട്ടിരിക്കുന്ന ഘട്ടമാണിത്. ചന്ദ്രയാൻ 3 മിഷനിലും ആദിത്യ മിഷനിലും കേരളത്തിൽ നിന്നുള്ള നിരവധി വ്യവസായ സ്ഥാപനങ്ങൾ പങ്കാളികളായിട്ടുണ്ട്. രാജ്യത്തിന്റെ പൊതുവായ വികസനത്തിൽ കേരളം നൽകുന്ന മികച്ച പിന്തുണയുടെ ഉദാത്തമായ ദൃഷ്ടാന്തമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തിന് വലിയ മുതൽക്കൂട്ടാകാൻ പോകുന്ന മൂന്ന് പദ്ധതികളാണ് ഇന്ന് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഇവ മൂന്നും ഉദ്ഘാടനം ചെയ്യാനായി കേരളത്തിലേക്ക് എത്തിയിരിക്കുന്ന ആദരണീയനായ പ്രധാനമന്ത്രിയെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തെ തുടക്കം മുതൽക്കുതന്നെ സഹായിക്കാൻ കഴിഞ്ഞിട്ടുള്ള സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തിന് ഇത് അഭിമാനകരമായ നിമിഷമാണ്. ഇതുപോലെ ഒരു ചടങ്ങിൽ നിൽക്കുമ്പോൾ ആറ് ദശാബ്ദം മുമ്പ് ഇന്ത്യൻ ബഹിരാകാശ ഗവേഷണം എന്ന ആശയവുമായി സംസ്ഥാന സർക്കാരിനെ സമീപിച്ച ഡോക്ടർ വിക്രം സാരാഭായിയെ ഓർക്കാതിരിക്കാൻ കഴിയില്ല.

അതേസമയം തന്നെ തുമ്പ എന്ന ഈ ചെറിയ ഗ്രാമത്തിൽ അതിനായി സ്ഥലം ലഭ്യമാക്കിയ ഇവിടുത്തെ ജനങ്ങളെയും അവർക്ക് ധീരമായ നേതൃത്വം നൽകിയ ബിഷപ് പെരേരയെ പോലുള്ള സഭാ നേതാക്കളെയും നന്ദിയോടെ സ്മരിക്കാതിരിക്കാനും ആവില്ല. ഇവിടെ നിന്ന് ഒഴിഞ്ഞുപോകുന്നത് തങ്ങളുടെ ഉപജീവന മാർഗ്ഗത്തിന് വെല്ലുവിളി ആകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് അന്ന് ഇവിടുത്തെ പ്രദേശവാസികൾ ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തിന്റെ മുന്നേറ്റത്തിന് പൂർണ്ണ പിന്തുണ നൽകിയത്.

ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന സംവിധാനങ്ങളിൽ ഒരെണ്ണമാണ് ഇവിടെ വിഎസ്എസ്സിയിൽ ഉള്ളത്, ട്രൈസോണിക് വിൻഡ് ടണൽ. ഈ സ്റ്റേറ്റ് ഓഫ് ദി ആർട്ട് ഫെസിലിറ്റി ഇന്ത്യയിലെ തന്നെ ആദ്യത്തേതാണ്. ഇത് ശബ്ദത്തിന്റെ നാലിരട്ടി വേഗത്തിൽ വരെ വായുവിനെ സഞ്ചരിപ്പിക്കാൻ ശേഷിയുള്ള യന്ത്രമാണ്. റോക്കറ്റുകളുടെ വിക്ഷേപണവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് ഇതിലൂടെ ചെയ്യാൻ കഴിയുക. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് ശൈശവദശയിൽ തൊട്ടേ സംഭാവന ചെയ്തുകൊണ്ടിരിക്കുന്ന കേരളത്തിൽത്തന്നെ നമ്മുടെ ബഹിരാകാശ ഗവേഷണങ്ങളുടെ ഗതിവേഗം കൂട്ടുകയും ഗുണമേന്മ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു സംവിധാനത്തിനു തുടക്കമാകുന്നു എന്നത് നാടിനാകെ അഭിമാനകരമാണ്.

രാജ്യത്തിന്റെ പൊതുവായ വികസനത്തിൽ കേരളം നൽകുന്ന മികച്ച പിന്തുണയുടെ ഉദാത്തമായ ദൃഷ്ടാന്തമാണിത്. മെയ്ക്ക് ഇൻ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മെയ്ഡ് ഇൻ കേരള മാറുന്നതിന്റെ ഉദാഹരണവുമാണിത്. ചന്ദ്രയാൻ 3 മിഷനിലും ആദിത്യ മിഷനിലും കേരളത്തിൽ നിന്നുള്ള നിരവധി വ്യവസായ സ്ഥാപനങ്ങൾ, പ്രത്യേകിച്ച് പൊതുമേഖലാ സ്ഥാപനങ്ങളും ചെറുകിട സ്ഥാപനങ്ങളും പങ്കാളികളായിട്ടുണ്ട്. ആ നിലയ്ക്ക് ഇന്ത്യയുടെ യശസ്സ് അക്ഷരാർത്ഥത്തിൽ വാനോളം ഉയർത്തുകയാണ് കേരളത്തിലെ വ്യവസായ സംരംഭങ്ങൾ, പ്രത്യേകിച്ച് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ. രാജ്യത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ് പൊതുമേഖല എന്നു വ്യക്തമാക്കുന്നതാണിത്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടതിന്റെയും ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയിലേക്കു വിരൽ ചൂണ്ടുക കൂടിയാണ് ഇത് ചെയ്യുന്നത്.

മനുഷ്യനെ വഹിക്കാൻ ശേഷിയുള്ള ഗഗൻയാൻ എന്ന ബഹിരാകാശ പേടകത്തിന്റെ നിർമ്മാണത്തിൽ രാജ്യം ഏർപ്പെട്ടിരിക്കുന്ന ഘട്ടമാണിത്. അതിന് വലിയ മുതൽക്കൂട്ടാകും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന വി എസ് എസ് സിയിലെ ട്രൈസോണിക് വിൻഡ് ടണലും മഹേന്ദ്ര ഗിരിയിലെ സെമി ക്രയോജെനിക് ഇന്റഗ്രേറ്റഡ് എഞ്ചിൻ ആൻഡ് സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റിയും ശ്രീഹരിക്കോട്ടയിലെ പി എസ് എൽ വി ഇന്റഗ്രേഷൻ ഫെസിലിറ്റിയും. ഈ മൂന്ന് സംവിധാനങ്ങളും മൂന്ന് സംസ്ഥാനങ്ങളിലായാണ് നിലകൊള്ളുന്നത്. എന്നാൽ ഇവ രാജ്യത്തിന്റെ പൊതുവായ മുന്നേറ്റത്തിനാണ് വഴിവെക്കുക. ആ നിലയ്ക്ക് രാഷ്ട്ര പുരോഗതിക്ക് സംസ്ഥാനങ്ങൾ നൽകുന്ന വലിയ സംഭാവനയുടെ ദൃഷ്ടാന്തം കൂടിയാവുകയാണ് ഈ ഉദ്ഘാടന പരിപാടി.

ഈ മൂന്ന് സംവിധാനങ്ങൾക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. ഇവ മൂന്നും യാഥാർത്ഥ്യമാക്കാൻ കഠിനാധ്വാനം ചെയ്ത ശാസ്ത്രജ്ഞരെയും ഉദ്യോസ്ഥരെയും തൊഴിലാളികളെയും അഭിവാദ്യം ചെയ്യുന്നു. ഇന്ത്യൻ ബഹിരാകാശാ ഗവേഷണ രംഗത്തെ കൂടുതൽ ഉയർച്ചയിലേക്ക് നയിക്കാൻ വി എസ് എസ് സിക്കും ഐ എസ് ആർ ഒയ്ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഗഗൻയാന് എല്ലാ ഭാവുകങ്ങളും നേരുന്നു. നിങ്ങൾക്കെല്ലാവർക്കും എന്റെ സ്‌നേഹാഭിവാദ്യങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com