മലപ്പുറം: കഴിഞ്ഞ ദിവസമാണ് മലപ്പുറം, അരീക്കോട് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ ഐവറി കോസ്റ്റില്‍ നിന്നുള്ള ഫുട്‌ബോള്‍ താരം മര്‍ദിക്കപ്പെട്ടത്. അരീക്കോട് ചെമ്രകാട്ടൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടയിലായിരുന്നു ഹസന്‍ ജൂനിയറെന്ന താരത്തിന് ദാരുണമായ അനുഭവമുണ്ടായത്. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു ഒരു വിഭാഗം ആളുകള്‍ താരത്തിനെതിരെ തിരിഞ്ഞത്. സംഭവത്തിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. രാവിലെ നേരിട്ടെത്തി സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു താരം പരാതി നല്‍കിയത്.
താരത്തെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവിയും മറുപടി പറഞ്ഞു. എന്തായാലും താരം നല്‍കിയ പരാതിക്ക് ഫലം ലഭിച്ചു. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അരീക്കോട് പോലീസ് കേസ് എടുത്തത്. ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കുക, കുറ്റകരമായ നരഹത്യ ശ്രമം, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, വംശീയമായി അധിക്ഷേപിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
കാണികള്‍ ബ്ലാക്ക് മങ്കി എന്ന് വിളിച്ചു പ്രകോപ്പിക്കുകയാണ് ചെയ്തതെന്ന് താരം പറഞ്ഞിരുന്നു. ചിലര്‍ കല്ലെടുത്ത് എറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ചോദിക്കാന്‍ ചെന്ന തന്നെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കേരളത്തില്‍ കളിക്കാന്‍ ഭയമുണ്ടെന്നും സംഭവത്തില്‍ ഐവറി കോസ്റ്റ് എംബസിക്ക് പരാതി നല്‍കുമെന്നും ഹസന്‍ കൂട്ടിചേര്‍ത്തിരുന്നു.
അന്വേഷണത്തിനായി അരീക്കോട് പൊലീസ് സ്റ്റേഷനില്‍ പ്രത്യേക സെല്‍ രൂപീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ പരിശോധിച്ച് നടപടികളിലേക്ക് കടക്കാനാണ് എസ്പി നിര്‍ദേശം നല്‍കിയിരിക്കുന്നത്.