കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം.നിലവിലെ സ്റ്റോക്ക് തീർന്നതിനെ തുടർന്ന് മെഡിക്കൽ കോളേജിന്റെ പ്രധാന കവാടത്തോട് ചേർന്നുള്ള ഫാർമസി കഴിഞ്ഞ ദിവസം അടച്ചിരുന്നു. ഇക്കഴിഞ്ഞ പത്താം തീയതിയാണ് എട്ടുമാസത്തെ പണം കുടിശ്ശികയായിരുന്ന തുടർന്ന് വിതരണക്കാർ മരുന്ന് വിതരണം നിർത്തിവെച്ചത്.കുടിശ്ശിക തീർക്കുന്നത് വരെയിത് തുടരാനാണ് ഇവരുടെ തീരുമാനം.
ഡയാലിസിസ്, ക്യാൻസർ രോഗികൾ അടക്കം ദുരിതത്തിലായ സാഹചര്യത്തിൽ കോഴിക്കോട് കലക്ടർ മരുന്ന് വിതരണക്കാരുടെ അടിയന്തരയോഗം വിളിച്ചിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരം ആയിട്ടില്ല. നൽകാനുള്ള 30 കോടി രൂപ കുടിശ്ശിക തീർത്തില്ലെങ്കിൽ ഈ മാസം 31 ഓടെ സ്റ്റെന്റ് അടക്കമുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളും വിതരണം നിർത്തിവയ്ക്കും എന്ന് മെഡിക്കൽ കോളേജിനെ അറിയിച്ചിട്ടുണ്ട്.
ജീവന്‍ രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, ഫ്ലൂഡിയുകള്‍ എന്നിവ വാങ്ങിയ ഇനത്തിൽ 8 മാസത്തെ കുടിശ്ശികയാണ് മരുന്നു കമ്പനികൾക്ക് നൽകാനുളളത്.കാൻസർ രോഗികൾ,ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾ തുടങ്ങിയ വലിയ വിലകൊടുത്ത് മരുന്ന് വാങ്ങേണ്ടവരാണ് ഏറ്റവും ദുരിതത്തിലായത്. മെഡിക്കൽ കോളേജിനെതിരെ ജില്ലാ കളക്ടർക്കും പരാതിയെത്തിയതോടെ ചേംബറിൽ യോഗം ചേർന്നു. ആരോഗ്യ വകുപ്പിനെ പ്രശ്നം അറിയിക്കുമെന്നാണ് കളക്ടർ മരുന്ന് വിതരണക്കാർക്ക് നൽകിയ ഉറപ്പ്.14 മാസത്തെ കുടിശ്ശിക തീർക്കാത്തത് കൊണ്ട് ഈ സ്റ്റന്റ് വിതരണം ഈ മാസം 31 ന് നിർത്തുമെന്ന് കമ്പനികൾ ആശുപത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. നടപടിയായില്ലെങ്കിൽ വൈകാതെ അതും നിലക്കും.