കുടിശിക പണം നൽകിയില്ലെങ്കിൽ സേവനം നിർത്തിവയ്ക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന് സി-ഡിറ്റിൻ്റെ മുന്നറിയിപ്പ്. 6.58 കോടി രൂപയാണ് സി-ഡെറ്റിന് വകുപ്പ് നൽകാനുള്ളത്. ഫെബ്രുവരി അവസാനത്തോടെ കുടിശ്ശിക നൽകണമെന്നും അല്ലെങ്കിൽ സർവീസ് അവസാനിപ്പിക്കുമെന്നും സി-ഡിറ്റ് മുന്നറിയിപ്പ് നൽകി.
2010 മുതൽ നടപ്പിലാക്കിവരുന്ന ഫെസിലിറ്റി മാനേജ്മെൻറ് പ്രോജക്ടിൻ്റെ കരാർ കാലാവധി പലതവണ ദീർഘിപ്പിച്ചിട്ടുണ്ടെങ്കിലും കരാർ പ്രകാരമുള്ള തുക ഇതുവരെ കൈമാറിയിട്ടില്ല. വിവിധ മേഖലകളിൽ ചെലവ് പതിന്മടങ്ങ് വർദ്ധിപ്പിച്ചിട്ടും പഴയ ഉടമ്പടി പ്രകാരമാണ് പ്രോജക്ട് നടന്നുവരുന്നത്. വകുപ്പിൽ നിന്ന് എഫ്എംഎസ് പ്രോജക്ട് നടത്തിപ്പിന്റെ ഭാഗമായി 2023 ജനുവരി മാസം വരെയുള്ള തുക മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളതെന്നും സി-ഡിറ്റ് കത്തിൽ പറയുന്നു.
സി-ഡിറ്റിന്റെ മറ്റു പ്രോജക്ടുകളിൽ നിന്നുള്ള സഞ്ചിത വരുമാനം വകമാറ്റിയാണ് സേവനം നൽകുന്നത്. എന്നാൽ ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ജീവനക്കാരുടെ ശമ്പളം നൽകുന്നതുപോലും പ്രതിസന്ധിയിലാണ്. കുടിശികത്തുക ലഭ്യമാക്കാത്ത സാഹചര്യത്തിൽ സർവീസ് നൽകുന്നത് തുടരാൻ കഴിയില്ല. ഫെബ്രുവരി അവസാനത്തോടെ കുടിശ്ശികത്തുക നൽകിയില്ലെങ്കിൽ മാർച്ച് ഒന്ന് മുതൽ തുക ലഭ്യമാകുന്നതുവരെ സർവീസ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും സി-ഡിറ്റ്.
കംപ്യുട്ടർ സർവീസ് മുതൽ മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾക്കുള്ള നിരവധി കാര്യങ്ങൾ സി-ഡിറ്റ് ആണ് നൽകുന്നത്. സി-ഡിറ്റ് സേവനം നിർത്തിയാൽ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ പ്രവർത്തനം തടസ്സപ്പെടുമെന്ന ആശങ്കയിൽ ഉദ്യോഗസ്ഥർ.