ബംഗളൂരു: രേണുകാ സ്വാമി കൊലക്കേസിൽ പ്രതിയായ കന്നഡ സൂപ്പർ സ്റ്റാർ ദർശൻ തൂഗുദീപയ്‌ക്ക് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതിയായ പവിത്ര ഗൗഡയ്‌ക്കും ജാമ്യം അനുവദിച്ചു. കേസിൽ ഇതുവരെ ജാമ്യം ലഭിക്കാതിരുന്ന മറ്റ് അഞ്ച് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് വിശ്വജിത് ഷെട്ടിയുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
നിലവിൽ ശസ്‌ത്രക്രിയയ്‌ക്കായി ഇടക്കാല ജാമ്യം കിട്ടിയ ദർശൻ ഇപ്പോൾ ആശുപത്രിയിലാണ്. ദർശന്റെ രക്തസമ്മർദത്തിന്റെ അളവിൽ വ്യത്യാസം വരുന്നുവെന്ന് കാണിച്ച് ജാമ്യകാലാവധി നീട്ടാൻ കോടതിയിൽ അഭിഭാഷകർ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തേ തന്നെ ജാമ്യകാലാവധി കോടതി നീട്ടി നൽകിയിരുന്നു. തുടർന്നാണ് ഇപ്പോൾ ഹൈക്കോടതി ജാമ്യാപേക്ഷയിൽ ഉത്തരവിറക്കിയത്.
പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദർശനും പവിത്രയും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പൊലീസ് കരുതുന്നത്. മാസങ്ങൾക്ക് മുമ്പ് കാമാക്ഷിപാളയത്തെ ഓടയിൽ നിന്നാണ് രേണുകാ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നുപേർ പൊലീസിൽ കീഴടങ്ങിയതോടെയാണ് സംഭവം വെളിപ്പെട്ടത്. ദർശന്റെ നിർദ്ദേശപ്രകാരം തങ്ങളാണ് കൊല നടത്തിയതെന്നും സാമ്പത്തിക ഇടപാടാണ് കാരണമെന്നും ഇവർ മൊഴി നൽകി.
വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിൽ ദർശന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്. രേണുകാ സ്വാമി പവിത്രയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങളെക്കുറിച്ചറിഞ്ഞ ദർശൻ അയാളെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ഓടയിൽ ഉപേക്ഷിച്ചു. പ്രതികളുടെ മൊഴിപ്രകാരം ദർശനെയും പവിത്രയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.