ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 200 മുതല്‍ 220 സീറ്റുകള്‍ വരെ മാത്രമെ ലഭിക്കൂ എന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ പങ്കാളിയുമായ ഡോ. പരകാല പ്രഭാകര്‍. എന്‍ഡിഎയ്ക്ക് 272 സീറ്റുകള്‍ക്ക് താഴെ മാത്രമേ നേടാന്‍ കഴിയൂ എന്നും പ്രഭാകര്‍ വ്യക്തമാക്കി. ബിജെപിയുടെ സഖ്യകക്ഷികള്‍ക്ക് 35 മുതല്‍ 42വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പരകാല പ്രഭാകറിന്റെ നിഗമനം. പരകാല പ്രഭാകറിൻ്റെ നിരീക്ഷണമനുസരിച്ച് ബിജെപിയും സഖ്യകക്ഷികളും പരമാവധി സീറ്റുകൾ നേടിയാലും 262 എന്ന അംഗസംഖ്യയിലേയ്ക്ക് മാത്രമേ എൻഡിഎയ്ക്ക് എത്തിച്ചേരാൻ കഴിയൂ. ലോക്സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റാണ്. ദി വയറിന് വേണ്ടി കരണ്‍ താപ്പര്‍ നടത്തിയ അഭിമുഖത്തിലായിരുന്നു പരകാല പ്രഭാകര്‍ നിലപാട് വ്യക്തമാക്കിയത്.
എന്‍ഡിഎയിലെ ഒരു പാര്‍ട്ടി പോലും ആശയപരമായി ബിജെപിയോട് സ്വഭാവികമായി ചേര്‍ന്നു നില്‍ക്കുന്ന സഖ്യകക്ഷിയല്ല. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ സഖ്യകക്ഷികളില്‍ ചിലര്‍ എന്‍ഡിഎ വിട്ടുപോയേക്കാം. സ്വന്തം നിലയില്‍ ശക്തമായ നേട്ടം ബിജെപി കൈവരിച്ചില്ലെങ്കില്‍ സഖ്യകക്ഷികളില്‍ പലരും രണ്ടാമതൊരു ആലോചന നടത്തിയേക്കാമെന്നും പരകാല പ്രഭാകര്‍ ചൂണ്ടിക്കാണിച്ചു. നാല് ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ബിജെപി കേവലഭൂരിപക്ഷം നേടിക്കഴിഞ്ഞുവെന്ന അമിത്ഷായുടെ അവകാശവാദത്തെയും പരകാല പ്രഭാകര്‍ ചോദ്യം ചെയ്തു. അമിത്ഷായുടെ അവകാശവാദം അതിരു കവിഞ്ഞതാണെന്നും പരകാല പ്രഭാകര്‍ അഭിപ്രായപ്പെട്ടു. ലോകചരിത്രം പരിശോധിച്ചാൽ ഏകാധിപതികളുടെ അവസാനം ദയനീയമായിട്ടാണെന്നും പരകാല പ്രഭാകർ അഭിപ്രായപ്പെട്ടു.
ചരിത്രപരമായ ഡാറ്റകളുടെയും രാജ്യത്തെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് വിവിധ ആളുകളുമായി ആശയവിനിമയം നടത്തിയതിൻ്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച നിഗമനത്തിലേയ്ക്ക് എത്തിച്ചേർന്നതെന്നും പ്രഭാകർ വ്യക്തമാക്കി. ജനസംഘത്തിന്റെ കാലത്ത് 10 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. പിന്നീട് ബിജെപി ആയി മാറിയപ്പോള്‍ 1998ല്‍ നേടാന്‍ സാധിച്ചത് 25 ശതമാനത്തോളം വോട്ടാണ്. 2004ലും 2009ലും ബിജെപിയുടെ പ്രകടനം മോശമായിരുന്നു. വളരെയേറെ അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും 2014ല്‍ 31 ശതമാനത്തോളം വോട്ട് മാത്രം നേടാനാണ് ബിജെപിക്ക് സാധിച്ചതെന്നും പരകാല പ്രഭാകർ ചൂണ്ടിക്കാണിച്ചു.
2014ലെ തിരഞ്ഞെടുപ്പ് രംഗം ഹിന്ദുത്വയുടെ പശ്ചാത്തലത്തിലായിരുന്നില്ല എന്ന് പരകാല പ്രഭാകർ ചൂണ്ടിക്കാണിച്ചു. ‘പോരാട്ടം രാജ്യത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലല്ല ഹിന്ദുക്കളും മുസ്ലിങ്ങളും ഒരു കൈയ്യിലും തൊഴിലില്ലായ്മയും ദാരിദ്രവും മറുകൈയ്യിലുമാണ് എന്നായിരുന്നു അന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മോദി രാജ്യം മുഴുവന്‍ നടന്ന് പറഞ്ഞത്. അഴിമതിക്കെതിരായി ഉയര്‍ന്ന് വന്ന മുന്നേറ്റം അടക്കം എല്ലാ വിഭാഗങ്ങളുടെ പിന്തുണ ബിജെപിക്ക് അനുകൂലമായി മാറി. അപ്പോഴും 31 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 2019ല്‍ ബാലാകോട്ടിന്റെയും പുല്‍വാമയുടെയും പശ്ചാത്തലത്തില്‍ നാല് മുതല്‍ അഞ്ച് വരെ ശതമാനം വോട്ടാണ് കൂടുതല്‍ ലഭിച്ചത്. ഏറ്റവും മോശമായ സാമ്പത്തിക നയസമീപനമാണ് പിന്നീട് ഉണ്ടായത്. ഇത് രാജ്യത്ത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇലക്ടറല്‍ ബോണ്ട് അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളും അന്തരീക്ഷത്തിലുണ്ട്. വീണ്ടും 2014ന് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ചരിത്രപരമായ ഈ ഡാറ്റകളുടെയെല്ലാം അടിസ്ഥാനത്തിലാണ് ബിജെപിക്ക് 220 സീറ്റില്‍ കൂടുതല്‍ ലഭിക്കില്ലെന്ന കണക്കൂകൂട്ടല്‍ നടത്തുന്നതെന്നും പരകാല പ്രഭാകര്‍ വ്യക്തമാക്കി