നാഗ്പുർ: പാകിസ്താന്‍റെ രഹസ്യാന്വേഷണ ഏജൻസിയായ ഇന്‍റർ സർവീസ് ഇന്‍റലിജൻസിന് (ഐ.എസ്.ഐ) വേണ്ടി ചാരവൃത്തി നടത്തിയ ബ്രഹ്മോസ് എയറോസ്പേസ് മുൻ എൻജിനീയർ നിഷാന്ത് അഗർവാളിന് ജീവപര്യന്തം തടവ്. നാഗ്പുർ അഡിഷനൽ സെഷൻസ് കോടതിയാണ് അഗർവാളിന് 14 വർഷത്തെ കഠിന തടവും 3000 രൂപ പിഴയും വിധിച്ചത്. ഒഫിഷ്യൽ സീക്രട്ട്സ് ആക്ടിലെ വിവിധ വകുപ്പുകൾ, ഐ.ടി നിയമത്തിലെ സെക്ഷൻ 66 എഫ്, സി.ആർ.പി.സി 235-ാം വകുപ്പ് എന്നിവ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
ബ്രഹ്മോസിന്‍റെ മിസൈൽ സാങ്കേതിക ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അഗർവാൾ, 2018ൽ മിലിറ്ററി ഇന്‍റലിജൻസും ഭീകരവാദ വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. നാലുവർഷത്തോളം ബ്രഹ്മോസിൽ ജോലി ചെയ്ത അഗർവാൾ, ഐ.എസ്.ഐക്ക് നിർണായക സാങ്കേതിക വിവരങ്ങൾ ചോർത്തി നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കേസിൽ അറസ്റ്റു ചെയ്യപ്പെട്ട അഗർവാളിന് കഴിഞ്ഞ ഏപ്രിലിൽ ബോംബെ ഹൈകോടതിയുടെ നാഗ്പുർ ബെഞ്ച് ജാമ്യം നൽകിയിരുന്നു. ഇന്ത്യയുടെ ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ), റഷ്യയുടെ മിലിറ്ററി ഇൻഡസ്ട്രിയൽ കൺസോർഷ്യം എന്നിവയുടെ സംയുക്ത സംരംഭമാണ് ബ്രഹ്മോസ് എയറോസ്പേസ്.