തിരുവനന്തപുരം: ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവാണെന്ന പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.കെ. കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവും ഭാരതത്തിലെ കോൺഗ്രസിന്റെ മാതാവ് ഇന്ദിരാഗാന്ധിയുമാണെന്നാണ് പറഞ്ഞത്. ഇതിനെ തെറ്റായി പ്രചരിപ്പിച്ചെന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് പറഞ്ഞു.
‘കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ആർക്കും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണ്. ഭാരതം എന്ന് പറയുമ്പോൾ മാതാവ് ഇന്ദിരാഗാന്ധിയാണ് എന്ന് ഹൃദയത്തിൽവെച്ചുകൊണ്ടാണ് പറഞ്ഞത്. അല്ലാതെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയും രാഷ്ട്രമാതാവ് ഇന്ദിരാഗാന്ധിയും എന്ന അർഥം അതിനില്ല’. സുരേഷ് ഗോപി വ്യക്തമാക്കി.