വാഷിങ്ടൻ∙ യുഎസിലെ വിദേശ ബിരുദധാരികൾക്കു ഗ്രീൻ കാർഡ് വാഗ്ദാനവുമായി മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്. നവംബറിലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി കുടിയേറ്റത്തെക്കുറിച്ചുള്ള നിലപാട് മയപ്പെടുത്തുന്നതിന്റെ ഭാഗമായാണു ട്രംപിന്റെ നീക്കം. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പോഡ്കാസ്റ്റിലൂടെയാണ് ട്രംപ് നിലപാട് അറിയിച്ചത്.
യുഎസ് പൗരന്മാരെ വിവാഹം കഴിച്ച കുടിയേറ്റക്കാർക്കു പൗരത്വം നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. അര ദശലക്ഷം യുഎസ് പൗരന്മാരുടെ പങ്കാളികൾക്കുള്ള വീസ നിയമങ്ങളിൽ ബൈഡൻ ഇളവ് വരുത്തിയതിനു പിന്നാലെയാണു ട്രംപിന്റെ വാഗ്ദാനവും.
യുഎസ് പൗരത്വത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഗ്രീൻ കാർഡ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽനിന്നു ആളുകളെ നിയമിക്കാൻ ടെക് കമ്പനികളെ സഹായിക്കുമോ എന്ന ചോദ്യത്തിനു മറുപടിയായാണു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് കമ്പനികൾക്ക് മിടുക്കരായ ആളുകളെ ആവശ്യമാണ്. എന്നാൽ അവർക്കു രാജ്യത്ത് തുടരാൻ കഴിയാത്തതിനാൽ കമ്പനികളുമായി കരാറിൽ ഏർപ്പെടാൻ സാധിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യൻ ടെക്കികൾക്കിടയിൽ പ്രചാരത്തിലുള്ള എച്ച് 1ബി വീസകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്നും പകരം അമേരിക്കൻ പൗരന്മാരായ തൊഴിലാളികൾക്കു മുൻഗണന നൽകുമെന്നും 2016ൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു.