തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ ഭേദഗതിക്കെതിരായ സമരത്തിൻ്റെ പശ്ചാത്തലത്തിൽ 835 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് മന്ത്രി വി അബ്ദുൽ റഹ്മാൻ. ഇതിൽ 194 കേസുകൾ കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. 84 കേസിൽ നിരാക്ഷേപപത്രം നൽകിയിട്ടുണ്ട്. 259 കേസുകൾ തീർപ്പായി. 262 കേസുകൾ പൊതു അടിസ്ഥാനത്തിൽ അവസാനിപ്പിച്ചുവെന്നും ഒരു കേസാണ് ഇനി അവശേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ സമരത്തിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും എടുത്തിരുന്നില്ല. ഈ സാഹചര്യത്തിൽ പ്രതിപക്ഷമുൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് കേസിലെ നടപടികളെക്കുറിച്ചുള്ള മന്ത്രിയുടെ വിശദീകരണം.