മാലി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ മാലിയെ ചൈനയില്‍ നിന്ന് വാങ്ങിക്കൂട്ടിയ കടം കൂടുതല്‍ അപകടത്തിലാക്കിയിരിക്കുകയാണ്. രാജ്യം കടുത്ത സാമ്പത്തിക അനിശ്ചിത്തത്വത്തൂടെയാണ് കടന്നുപോകുന്നതെന്ന് പ്രസിഡന്റ് മുയിസു വിലപിക്കുന്നു. കടപ്രതിസന്ധി മാലിയെ വലിഞ്ഞുമുറുക്കുമ്പോള്‍ വീണ്ടുമുള്ള കടമെടുപ്പ് രാജ്യത്തെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിവിടുമെന്ന് ഐഎംഎഫ് മുന്നറിപ്പ് നല്‍കി.
ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് കൂറ് മാറ്റി, തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ മഹാസമുദ്ര രാജ്യമായ മാലിദ്വീപ് ‘കടബാധ്യതയുടെ’ ഉയര്‍ന്ന അപകടസാധ്യതയിലാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഫെബ്രുവരി 7 ന് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു.
‘കടക്കെണി’ തന്ത്രങ്ങള്‍ ഉപയോഗിച്ച് ചെറിയ രാജ്യങ്ങളെ വലയിലാക്കുന്നതില്‍ കുപ്രസിദ്ധമായ ചൈനയില്‍ നിന്ന് ദ്വീപ് രാഷ്ട്രം വന്‍തോതില്‍ കടം വാങ്ങിയിട്ടുണ്ട്.
കാര്യമായ നയപരമായ മാറ്റങ്ങളില്ലാതെ, മൊത്തത്തിലുള്ള ധനക്കമ്മിയും പൊതു കടവും ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് പ്രവചിക്കപ്പെടുന്നതായി മാലിദ്വീപിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള അവലോകനത്തില്‍ ഐഎംഎഫ് പറഞ്ഞു.ലോകബാങ്ക് കണക്കുകള്‍ പ്രകാരം, മാലദ്വീപ് അതിന്റെ ദേശീയ കടത്തിന്റെ 43 ശതമാനവും (3 ബില്യണ്‍ ഡോളര്‍) ചൈനയോടാണ് കടപ്പെട്ടിരിക്കുന്നത്.
കടക്കെണി കാരണം രാജ്യത്ത് പുതിയ വികസന പദ്ധതികള്‍ ആരംഭിക്കാന്‍ കഴിയില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസി സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് മോണിറ്ററി ഏജന്‍സിയുടെ മുന്നറിയിപ്പ്.
എനിക്ക് കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ മുടങ്ങിക്കിടക്കുന്ന എല്ലാ പദ്ധതികളും ആരംഭിക്കാനും ദ്വീപിലെല്ലായിടത്തും ഒരേസമയം പുതിയ പദ്ധതികള്‍ ആരംഭിക്കാനും നമ്മള്‍ക്ക് കഴിയില്ല- മുയിസു പറഞ്ഞു.
‘അടുത്ത രണ്ട് മാസങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതായിരിക്കും. ഇത് ഏറ്റവും നിര്‍ണായക സമയമാണ്. ജൂലൈയ്ക്ക് ശേഷം ഇത് വളരെ എളുപ്പമാകും. എന്നാല്‍ വരുമാനം നേടുന്നതിന് ആവശ്യമായ ജോലികള്‍ ചെയ്യാന്‍ ഇപ്പോള്‍ തുടങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ രാജ്യം അഭിമുഖീകരിക്കുന്ന കട പ്രതിസന്ധിയെക്കുറിച്ച് വിലപിച്ചിട്ടും, ന്യൂ ഡല്‍ഹിയെ ചൊടിപ്പിച്ചുകൊണ്ട് മുയിസു ചൈനയുടെ മൂലയില്‍ ഉറച്ചുനിന്നു.
മാലദ്വീപ് നേതാവിന്റെ ആദ്യ വിദേശ രാജ്യമായി എക്കാലവും ഇന്ത്യ സന്ദര്‍ശിച്ചിരുന്ന പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ച തന്റെ ചൈനാ സന്ദര്‍ശനത്തിന് ശേഷം, വികസന ഫണ്ടുകള്‍ക്കായുള്ള ‘നിസ്സ്വാര്‍ത്ഥ സഹായത്തിന്’ ബീജിംഗിന് മുയിസു നന്ദി പറഞ്ഞു.
ഇരു രാജ്യങ്ങളും തങ്ങളുടെ ഉഭയകക്ഷി ബന്ധം പുതുക്കുകയും 20 സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപസമൂഹത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ധനസഹായം നീട്ടുമെന്ന് ബീജിംഗ് ഉറപ്പുനല്‍കി.
ചൈനയിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍സില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് മുയിസുവിനെ ‘ഒരു പഴയ സുഹൃത്ത്’ എന്നാണ് വിശേഷിപ്പിച്ചത്.
അഞ്ച് വര്‍ഷം ദ്വീപ് രാഷ്ട്രം ഭരിക്കുകയും ചൈനയില്‍ നിന്ന് വന്‍തോതില്‍ കടം വാങ്ങുകയും ചെയ്ത തന്റെ ഉപദേഷ്ടാവും മുന്‍ പ്രസിഡന്റുമായ അബ്ദുല്ല യമീന്‍ സ്വീകരിച്ച പാതയാണ് മുയിസു പിന്തുടരുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
യമീന്‍ ദ്വീപസമൂഹത്തില്‍ നിന്ന് പിരിഞ്ഞുപോയതിനുശേഷം, ആവശ്യമായ സഹായം നല്‍കിയത് ന്യൂഡല്‍ഹിയാണ്. മുയിസ്സുവിന്റെ ഹര-കിരി നയങ്ങളാല്‍ ഈ ബന്ധം വീണ്ടും മുറിച്ചുമാറ്റപ്പെട്ടു.