പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ നേഴ്സിംഗ് കോളേജിന് അംഗീകാരമില്ലാത്ത സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. പത്തനംതിട്ടയിലെ ആറന്മുള സർക്കാർ നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നത്. സർക്കാർ നേഴ്സിംഗ് കോളേജിന് കൗൺസിലിന്റെ അംഗീകാരമില്ലെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കോളേജിൽ നിന്ന് ആരംഭിച്ച് ജനറൽ ആശുപത്രി വഴി ആരോഗ്യ മന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്കാണ് വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തുന്നത്.
കഴിഞ്ഞ വർഷമാണ് മന്ത്രി വീണാ ജോർജ് സ്വന്തം മണ്ഡലമായ ആറന്മുളയിൽ സർക്കാർ നേഴ്സിംഗ് കോളേജ് ആരംഭിച്ചത്. 60 വിദ്യാർത്ഥികളാണ് കോളേജിലുള്ളത്. എന്നാൻ നേഴ്സിംഗ് കൗൺസിലിന്റെ അംഗീകാരമില്ലാതെയാണ് ഈ കോളേജ് ഉൾപ്പെടെ കേരളത്തിലെ 24 കോളേജുകൾ പ്രവർത്തിക്കുന്നതെന്ന് വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
കൗൺസിൽ അംഗീകാരം ഇല്ലാത്തതിനാൽ വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാ ഫലം ആരോഗ്യ സർവ്വകലാശാല തടഞ്ഞുവച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് കോളേജ് അധികൃതരുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും ബന്ധപ്പെട്ടെങ്കിലും കൃത്യമായ ഉത്തരം നൽകാൻ അവർക്ക് സാധിച്ചിരുന്നില്ല. തുടർന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചത്. മതിയായ ലാബ് സൗകര്യങ്ങളില്ല, അടിസ്ഥാന സൗകര്യങ്ങളില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് കൗൺസിൽ അംഗീകാരം നൽകാത്തത്.
കഴിഞ്ഞ ദിവസങ്ങളിലും വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോളേജിലെ വിദ്യാർത്ഥികൾ തന്നെ പഠനം മുടക്കിക്കൊണ്ട് പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നത്.
ഒരാഴ്ചയ്‌ക്കകം ബസ് സൗകര്യം ഉറപ്പാക്കുമെന്നും നിലവിലെ കെട്ടിടത്തിൽ നിന്ന് എത്രയും പെട്ടെന്ന് കുട്ടികളെ മാറ്റുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. ഐഎംസി അംഗീകാരം ഇല്ലാത്തത് കോഴ്സിനെ ബാധിക്കില്ലെന്നും കെട്ടിടം നോക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. അതേസമയം, കോന്നി മെഡിക്കൽ കോളേജിലേക്ക് നേഴ്സിംഗ് കോളേജ് മാറ്റണമെന്ന രക്ഷിതാക്കളുടെ ആവശ്യം സർക്കാർ തള്ളിയിട്ടുണ്ട്.