ധാക്ക: പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചതോടെ, ബംഗ്ലാദേശിന്റെ ഭരണം സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ഇടക്കാല സർക്കാർ രൂപവത്കരിക്കുന്നത് സംബന്ധിച്ച് വൈകീട്ട് നാലുമണിയോടെ സൈനിക മേധാവി ജനറൽ വഖാർ ഉസ് സമാൻ രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രതിപക്ഷപാർട്ടികളെ ഒന്നടങ്കം നിശ്ശബ്ദരാക്കി, രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലായി 20 വർഷമായി ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി തുടരുകയായിരുന്നു ശൈഖ് ഹസീന.
1971ലെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ ശൈഖ് മുജീബുർ റഹ്മാന്റെ മകളാണ് ഹസീന. ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തിയാണ് മുജീബുർ റഹ്മാൻ. ഈ വർഷാദ്യം ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ചട്ടമനുസരിച്ച്, നിഷ്പക്ഷവും നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ ഒരു ഇടക്കാല സർക്കാർ രൂപവത്കരിക്കണം. എന്നാൽ ബംഗ്ലാദേശിൽ അതുണ്ടായില്ല. പകരം ഹസീന പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തി. ബംഗ്ലാദേശിലെ ചില ജമാഅത്തെ ഇസ്‍ലാമി നേതാക്കളെ അവർ വധശിക്ഷക്ക് വിധിച്ചിരുന്നു. രാഷ്ട്രീയ പാർട്ടിയായിരുന്ന ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിയെ നിരോധിക്കുകയും ചെയ്തു.
അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കുമ്പോഴും അതിന് ഇളക്കം തട്ടുമെന്ന് ഒരിക്കൽ പോലും ഇതിനിടയിൽ ഹസീന കരുതിക്കാണില്ല. എന്നാൽ സംവരണ വിരുദ്ധ പ്രക്ഷോഭം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യം മുഴുവൻ പടർന്നു പിടിച്ചപ്പോൾ 300 ലേറെ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. ഞായറാഴ്ച മാത്രം 14 പൊലീസുകാർ ഉൾപ്പെടെ 90 ലേറെ പേർ കൊല്ലപ്പെട്ടു. വിദ്യാർഥി പ്രക്ഷോഭത്തെ എളുപ്പം നേരിടാമെന്നായിരുന്നു ഹസീനയുടെ കണക്ക് കൂട്ടൽ.
ബംഗ്ലാദേശിന്റെ 1971ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയത്. ഉത്തരവ് പിൻവലിക്കാൻ ഹസീന വിസമ്മതിച്ചതോടെ പ്രക്ഷോഭം രൂക്ഷമായി. സർക്കാർ ചർച്ചകൾ ആരംഭിച്ചതിനാൽ പ്രതിഷേധം കുറച്ചുകാലത്തേക്ക് കുറഞ്ഞിരുന്നുവെങ്കിലും വിദ്യാർഥികൾ രാജ്യവ്യാപകമായി നിയമലംഘന പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്യുകയും പ്രധാനമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തതോടെ പ്രക്ഷോഭം രാജ്യം മുഴുവൻ കത്തിപ്പടർന്നു. പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് വന്നപ്പോൾ സൈന്യം ഹസീനയുടെ രാജിയാവശ്യപ്പെടുകയായിരുന്നു. ഹസീനയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചതോടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബംഗ്ലാദേശിലേക്ക് പോകരുതെന്ന് ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.രാജിവെച്ചയുടൻ രാജ്യം വിട്ട ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇളയ സഹോദരി ശൈഖ് റഹാരയും ഹസീനക്കൊപ്പമുണ്ട്. ഹസീന പശ്ചിമ ബംഗാളിലെത്തിയതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനത്തിലാണ് ഹസീന രാജ്യംവിട്ടത്.