ഏറ്റവും കൂടുതൽ രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ആപ്പുകളിൽ ഒന്നാണ് ടെലിഗ്രാം.എന്തൊക്കെ ഉള്ളടക്കം ടെലഗ്രാമിലൂടെ പങ്കുവയ്‌ക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ പ്രയാസകരമാണെന്ന ആശങ്ക നേരത്തെ ഉയർന്നിട്ടുണ്ട്. ഇതിനൊടുവിലാണ് ആപ്പിന്റെ മേധാവി പവേൽ ഡുറോവിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ടെലിഗ്രാം ഇന്ത്യയിൽ നിരോധിക്കുമെന്ന ചർച്ചകളും സജീവമാകുകയാണ്.
റഷ്യയിലും യുക്രെയ്‌നിലും ടെലിഗ്രാം സജീവമായി പ്രവർത്തിക്കുന്ന ആപ്പാണ്. വെർച്വൽ യുദ്ധഭൂമിയെന്നാണ് അവിടുത്തെ ജനങ്ങൾക്കിടയിൽ ആപ്പ് അറിയപ്പെടുന്നത്. ടെലിഗ്രാം ഇന്ത്യയിൽ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണവും ദിനംപ്രതി കൂടിവരുന്നതായാണ് കണ്ടെത്തൽ. ടെലിഗ്രാമിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ സ്ഥിരീകരിക്കുകയാണെങ്കിൽ ഇന്ത്യയിൽ ആപ്പിന്റെ പ്രവർത്തനം നിരോധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇതിന്റെ ഭാഗമായി ടെലിഗ്രാം മറയാക്കിയുള്ള കുറ്റകൃത്യങ്ങൾ പരിശോധിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐടി മന്ത്രാലയവും ചേർന്നാണ് അന്വേഷണം നടത്തുന്നത്. റിപ്പോർട്ട് അനുസരിച്ച് നിരോധന കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ടെലിഗ്രാം വഴി ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുക, ഭീഷണിപ്പെടുത്തി പണം തട്ടുക, ചൂതാട്ടം തുടങ്ങിയ കുറ്റകൃത്യങ്ങൾ സംഘം പ്രധാനമായും പരിശോധിക്കും. യുജിസി- നീറ്റ് പരീക്ഷാ പേപ്പർ ചോർത്തിയതും ടെലിഗ്രാമിലൂടെയായതിനാൽ ഇത്തരം കുറ്റകൃത്യങ്ങളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഐടി മന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കുക.