50ാം വയസ്സിൽ യോഗ പഠിക്കുകയും ആയിരക്കണക്കിന് വിദ്യാർഥികളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന വയോധികയെക്കുറിച്ച് അറിഞ്ഞാൽ ആരും അത്ഭുതം കൂറും. എന്നാൽ, 101ാം വയസ്സിലും അവർ യോഗ പരിശീലന രംഗത്ത് സജീവമാണെന്നറിയുമ്പോഴോ?
പറഞ്ഞുവരുന്നത് 50 വയസ്സിനു ശേഷം യോഗ പഠിച്ച് പ്രായപരിധികൾ പഴങ്കഥയാക്കിയതിന് ഇന്ത‍്യ കഴിഞ്ഞ മേയ് ഒമ്പതിന് പത്മശ്രീ ബഹുമതി നൽകി ആദരിച്ച ഫ്രഞ്ചുകാരി ഷാർലറ്റ് ചോപിനെക്കുറിച്ചാണ്. ഈ 101ാം വയസ്സിലും അവർ യോഗ അധ‍്യാപന രംഗത്ത് സജീവമാണ്. കൂടാതെ, സ്വന്തം നാട്ടിൽ ഒരു യോഗ സ്റ്റുഡിയോയും നടത്തുന്നു.
1982ൽ യോഗ പഠിപ്പിക്കാൻ തുടങ്ങിയ ഷാർലറ്റ് ചോപിൻ ഫ്രാൻസിൽ യോഗ പ്രചരിപ്പിച്ചതിനുള്ള ബഹുമതിയും കരസ്ഥമാക്കി. യോഗയിലൂടെ സ്വന്തമാക്കിയ ഊർജമാണ് തന്‍റെ മുന്നിൽ പാതകൾ തുറന്നിട്ടതെന്ന് ഷാർലറ്റ് പറയുന്നു.
യോഗ പ്രചാരണം അവർ ജീവിതദൗത്യമായി ഏറ്റെടുത്തു. ഫ്രാൻസിലുടനീളം സഞ്ചരിച്ച് യോഗയെക്കുറിച്ച് ശിൽപശാലകൾ നടത്തി. പ്രശസ്ത ഫ്രഞ്ച് ടി.വി ഷോയായ ‘France’s Got Incredible Talent’ൽ തന്‍റെ യോഗ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരവും ഷാർലറ്റ് ചോപിനെ തേടിയെത്തി.
പ്രായമെന്നത് വെറുമൊരു അക്കമാണെന്ന് സാക്ഷ‍്യപ്പെടുത്തി അവർ ഇന്നും നിരവധി പേരെ പരിശീലിപ്പിക്കുന്നു.