ഗാസയിൽ നിന്ന് 6 ബന്ദികളുടെ മൃതദേഹം കണ്ടെടുത്തതിനെ തുടർന്ന് ഇസ്രയേൽ വൻ പ്രതിഷേധം. ഒക്‌ടോബർ 7ലെ ആക്രമണത്തിൽ ഹമാസ് പിടികൂടിയ ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിൻ്റെ സർക്കാരും വേണ്ടത്ര ശ്രമിച്ചില്ലെന്ന് ആരോപിച്ച് ടെൽ അവീവിലും ജറുസലേമിലും മറ്റ് നഗരങ്ങളിലും പ്രതിഷേധം ആഞ്ഞടിക്കുകയാണ്. ഇസ്രായേലി പതാകകൾ ധരിച്ചു നിരവധി പേർ തെരുവിൽ ഇറങ്ങി. പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് രാജ്യത്തുടനീളം പ്രതിഷേധിക്കാൻ ഇറങ്ങിയത്. ജനക്കൂട്ടം റോഡിൽ തീയിടുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. “ഞങ്ങൾക്ക് അവരെ ജീവനോടെ വേണം.” വേണം എന്ന് അവർ ഒരുമിച്ച് ഉരുവിട്ടുകൊണ്ടിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡും ജല പീരങ്കിയും ഉപയോഗിച്ചു. നിരവധി പേർക്ക് നിസ്സാര പരുക്കുകളേറ്റിറ്റുണ്ട്.
ബന്ദികളെ മോചിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ച് പ്രധാന ഇസ്രായേലി തൊഴിലാളി യൂണിയനായ ഹിസ്റ്റാഡ്രട്ട് തിങ്കളാഴ്ച രാജ്യവ്യാപകമായി പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പ്രതിഷേധം രൂക്ഷമാകാനാണ് സാധ്യത
ഹമാസുമായി ഉടമ്പടിയുണ്ടാക്കി അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കണം എന്ന ആവശ്യം യുദ്ധം തടങ്ങിയപ്പോൾ മുതൽ ഉയർന്നിരുന്നു. എന്നാൽ നെതന്യാഹു ഇതിന് തയാറാകുന്നില്ല. ഇതിനെതിരെയാണ് പ്രതിഷേധം ആഞ്ഞടിക്കുന്നത്.
തെക്കൻ ഗാസയിലെ റഫ മേഖലയിലെ ഭൂഗർഭ തുരങ്കത്തിൽ നിന്ന് ശനിയാഴ്ച ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) നേരത്തെ അറിയിച്ചിരുന്നു.
കാർമൽ ഗാറ്റ്, ഈഡൻ യെരുഷാൽമി, ഹെർഷ് ഗോൾഡ്‌ബെർഗ്-പോളിൻ, അലക്‌സാണ്ടർ ലോബനോവ്, അൽമോഗ് സരുസി, മാസ്റ്റർ സർജൻറ് ഒറി ഡാനിനോ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതാണ് ഞായറാഴ്ചത്തെ പ്രതിഷേധത്തിന് കാരണമായത്. ബാക്കിയുള്ള ബന്ദികളെ രക്ഷിക്കുന്നതിൽ സർക്കാരും നെതന്യാഹുവും പരാജയപ്പെട്ടുവെന്നു ജനക്കൂട്ടം ആരോപിച്ചു.