ന്യൂഡൽഹി: തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ശക്തമായ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 30 പേർ മരിച്ചു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പെയ്ത മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ധനസഹായം നൽകുമെന്ന് അറിയിച്ചു. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരുമായി പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസാരിച്ചു. സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യങ്ങളും നേതാക്കൾ വിലയിരുത്തി.
ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി തെലങ്കാന- ആന്ധ്ര മുഖ്യമന്ത്രിമാർക്ക് ഉറപ്പ് നൽകി. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടെ 26 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. തെലങ്കാനയിൽ 16 പേരും ആന്ധ്രാപ്രദേശിൽ 14 പേരുമാണ് മഴക്കെടുതി മൂലം മരിച്ചത്.
തെലങ്കാനയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് അടിയന്തര രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫിന്റെ അധിക സംഘങ്ങളെ അയക്കണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അമിത് ഷായോട് അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 40 പവർ ബോട്ടുകളും ആറ് ഹെലികോപ്റ്ററുകളും അനുവദിച്ചു. സംസ്ഥാനത്തെ ദുരന്തബാധിത മേഖലകൾ ചന്ദ്രബാബു നായിഡു സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
മഴക്കെടുതിയെ തുടർന്ന് 140-ലധികം ട്രെയിനുകൾ റദ്ദാക്കുകയും നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. വിജയവാഡ-കാസിപ്പേട്ട്-വാറങ്കൽ റൂട്ടിൽ റെയിൽവേ ലൈനുകളിൽ സ്ഥാപിച്ച കരിങ്കലുകൾ മഴവെള്ളത്തിൽ ഒലിച്ചുപോയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.